റോഡ് അടച്ചു: മൂന്ന് ഗോത്ര ഊരുകളിലെ 100 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
1429040
Thursday, June 13, 2024 6:01 AM IST
നിലമ്പൂര്‍: റോഡ് അടച്ചതോടെ മൂന്ന് ഗോത്ര ഊരുകളിലെ നൂറോളം കുടുംബങ്ങള്‍ വാഹന സൗകര്യമില്ലാതെ ഒറ്റപ്പെട്ടു.
ചാലിയാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പാലക്കയം കാട്ടുനായ്ക്ക കോളനി, മുതുവാന്‍ കോളനി, വെറ്റിലക്കൊല്ലി ആദിവാസി കോളനികളിലായി 100 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പന്തീരായിരം ഉള് വനത്തിലാണ് ഈ കോളനികളുള്ളത്.
മഴക്കാലമായാല്‍ ഈ കോളനികളിലെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമാണ്. ഇതിനിടയിലാണ് ഇപ്പോള്‍ നിലവിലുള്ള റോഡും അടച്ചിട്ടിരിക്കുന്നത്. പി.കെ. ബഷീര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നുള്ള തുക ചെലവഴിച്ചാണ് പാലക്കയം പ്ലാന്റേഷന്റെ തുടക്കം മുതല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.
പ്രവൃത്തി പൂര്‍ത്തീകരിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താതെ റോഡ് തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍. കോളനികളിലേക്ക് സര്‍വീസ് നടത്തുന്നത് ഫോര്‍വീല്‍ ജീപ്പുകളാണ്.
റോഡ് അടച്ചതോടെ കോളനികളിലേക്ക് നിലവില്‍ വാഹനങ്ങള്‍ എത്തില്ല. ഇതോടെ കോളനികളിലെ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ നിലച്ചിരിക്കുകയാണ്. അസുഖങ്ങള്‍ വന്നാല്‍ കോളനികളില്‍ കഴിയേണ്ട അവസ്ഥയിലാണ് ഇവര്‍. റോഡ് അടക്കും മുന്‍പ് ഫോര്‍വീല്‍ ജീപ്പുകള്‍ കോളനികളില്‍ എത്തിയിരുന്നു.
പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങള്‍ക്ക് ഉള്‍പ്പെടെയാണ് ഇപ്പോള്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ നിര്‍മാണം യഥാസമയം നടപ്പാക്കുന്നതില്‍ കരാറുകാരന് കാണിച്ച അനാസ്ഥയാണ് നിലവിലെ അവസ്ഥക്ക് കാരണമായത്.
റോഡ് നിര്‍മാണത്തിന്റെ പേരില്‍ അടച്ച റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് ആഴ്ച്ചയായിട്ടും തുറന്ന് കൊടുക്കാത്തത് ഈ ആദിവാസി കുടുംബങ്ങളോട് കാണിക്കുന്ന അനീതിയാണെന്നാണ് വിമര്‍ശനം.