മയക്കുമരുന്ന് കടത്തിയ യുവാവിന് 12 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
1424967
Sunday, May 26, 2024 4:37 AM IST
മഞ്ചേരി: മയക്കുമരുന്നു കടത്തുന്നതിനിടെ പോലീസ് പിടിയിലായ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പാലക്കാട് കല്ലടിക്കോട് പാറക്കാലടി വലിപ്പറമ്പില്‍ രാംജിത്ത് മുരളി (28) യെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറ് മാസത്തെ അധി തടവ് അനുഭവിക്കണം.
2022 ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ എസ്ഐയായിരുന്ന എ.എം. യാസിറാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തെ ചേതനാ റോഡില്‍വച്ച് പ്രതിയെ പിടികൂടിയത്.
ഇയാളില്‍ നിന്നും 200 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുകയായിരുന്ന പ്രതിക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പെരിന്തല്‍മണ്ണ സിഐയായിരുന്ന സി.അലവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുരേഷ് 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 34 രേഖകളും എട്ട് തൊണ്ടിമുതലുകളും ഹാജരാക്കി. ലൈസണ്‍ ഓഫീസര്‍ എസ്ഐ സുരേഷ് ബാബു പ്രോസിക്യൂഷനെ സഹായിച്ചു.