വരൾച്ചക്കു പിന്നാലെ കനത്ത മഴ: ഹ്രസ്വകാല വിളകൾ നടാനാകാതെ മലയോര കർഷകർ
1424821
Saturday, May 25, 2024 5:59 AM IST
കരുവാരകുണ്ട്: കൃഷിയിടങ്ങളെ ഇല്ലായ്മ ചെയ്ത കനത്ത വരൾച്ചക്കുശേഷം രാവും പകലും ഒരു പോലെ പെയ്യുന്ന കനത്ത മഴ മലയോര കർഷകരെ ആശങ്കയിലാക്കുന്നു. വരൾച്ചയെ തുടർന്ന് കുംഭമാസത്തിൽ നടേണ്ട വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയ ഹ്രസ്വകാല വിളകൾ സമയത്ത് നടാനായില്ല.
എന്നാൽ കാർഷികോത്സവ മാസം എന്നറിയപ്പെടുന്ന മേടമാസത്തിലും ഒരു വിഭാഗം കർഷകരുടെ ഉപജീവനമാർഗമായി കാണുന്ന ഹ്രസ്വകാല വിളകൾ വരൾച്ചയെ തുടർന്ന് നടാനായില്ല. ഇടവമാസം പകുതിയായിട്ടും നടുതല കൃഷികൾ മണ്ണിൽ വയ്ക്കാനാകാതെ കർഷകർ ആശങ്കപ്പെടുകയാണ്.
അടുത്ത സീസണിൽ കപ്പയും ചേമ്പും തുടങ്ങി നേന്ത്രക്കായ വരെയുള്ള കാർഷികോത്പന്നങ്ങൾക്ക് വിപണിയിൽ ദൗർലഭ്യം നേരിടുമെന്നും വരൾച്ചയിൽ നിരവധി കർഷകരുടെ വിത്തടക്കം ഉണങ്ങി നശിച്ചുപോയതായും കർഷകർ ചൂണ്ടി കാട്ടുന്നു.
മഴ ശക്തി പ്രാപിച്ചതോടെ അവശേഷിക്കുന്ന വിത്ത് വിളകൾ നടാനാകുന്നുമില്ല. അതേ സമയം ഏക്കർ കണക്കിന് ജാതിയും കുരുമുളകു തോട്ടങ്ങളും കമുകും തെങ്ങുമടക്കം ഈ വർഷത്തെ വരൾച്ചയിൽ മാഞ്ഞുപോയി. കോടി കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്കുണ്ടായത്.