പ്രളയ ദുരിതം പേറിയ പോത്തുകല്ലില്‍ ആദിവാസി മേഖലയുടെ വികസനത്തിന് നാലരക്കോടിയുടെ പദ്ധതി
1424602
Friday, May 24, 2024 5:23 AM IST
എടക്കര: 2019-ലെ പ്രളയം വിഴുങ്ങിയ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നബാര്‍ഡ് നാലരക്കോടിയുടെ പദ്ധതി തയാറാക്കി. നബാര്‍ഡിന്റെ പട്ടിക വര്‍ഗ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ആദിവാസി വികസന പദ്ധതി നടപ്പിലാക്കുന്നത്.
കമുക്, ജാതി, ഏലം, കാപ്പി, ഔഷധ സസ്യങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയിലൂടെ കാര്‍ഷിക വികസന പദ്ധതികളും ആട്, കോഴി, മുയല്, പോത്ത്, പശു വളര്‍ത്തല്‍ പദ്ധതികളുമാണ് നടപ്പിലാക്കുന്നത്. നാലുവര്‍ഷം കൊണ്ട് ഓരോ ആദിവാസി കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയുടെ വരുമാനം നേടിക്കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിരന്തര പരിശീലനം, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, വിദ്യഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സ്വയം വിറ്റഴിക്കുന്നതിന് നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോത്രാമൃത് കമ്പനിയില്‍ അംഗത്വം നല്‍കുകയും, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യും.
ഉത്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങള്‍ സംസ്കരിക്കുന്നതിനും, വിപണനമൂല്യം കണ്ടെത്തുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനുള്ള ജൈവ വേലികള്‍, ഹാംഗിംഗ് ഫെന്‍സിംഗ് എന്നിവയും പദ്ധതിയുടെ ഘടകങ്ങളാണ്.
2024 ആഗസ്റ്റോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഏജന്‍സികളുടെ സഹകരണവും ഉണ്ടാകും. പരിസര ശുചീകരണം, ആദിവാസി ഗോത്രകലകളെ സംരക്ഷിക്കല്‍, കലാസാംസ്ക്കാരിക പരിപാടികളെ ഉണര്‍ത്തല്‍, അന്യം നിന്നുപോകുന്ന ആദിവാസി കലാരൂപങ്ങളുടെ പുനരുജ്ജീവനം, പ്രളയം തകര്‍ത്ത കാടുകളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള ജൈവവൈവിദ്ധ്യ പാര്‍ക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ആദിവാസി ഊരുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിക്കും പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന വില്ലേജ് പ്ലാനിംഗ് കമ്മിറ്റിക്കുമായിരിക്കും പദ്ധതിയുടെ നിയന്ത്രണം. പോത്തുകല്‍ മേഖലയിലെ ഓരോ കോളനികളിലും സംഘം വിശദ പഠനം നടത്തി നല്കിയ റിപ്പോര്‍ട്ട് വിദഗ്ധ കമ്മിറ്റിയുടെ പരിശോധനക്ക് ശേഷമാണ് പദ്ധതിയുടെ കരട് രേഖ തയാറാക്കിയത്.