പാലക്കയത്തെ എട്ട് ആദിവാസി കുടുംബങ്ങള്‍ക്ക് ഈ മഴക്കാലവും ദുരിതമാകും
1424412
Thursday, May 23, 2024 5:51 AM IST
നിലമ്പൂര്‍: പാലക്കയം ആദിവാസി കോളനിയിലെ എട്ട് കുടുംബങ്ങള്‍ ഈ മഴക്കാലവും പണിതീരാത്ത വീടുകളില്‍ കഴിയേണ്ടി വരും. ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലെ പാലക്കയം കാട്ടുനായ്ക്ക, മുതുവാന്‍ വിഭാഗങ്ങളിലെ എട്ട് കുടുംബങ്ങളെയാണ് ഈ മഴക്കാലവും ദുരിതം കാത്തിരിക്കുന്നത്.
2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച വീടുകളാണ് ഇപ്പോഴും നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്.
വീടുകളുടെ വാതില്‍, ജനല്‍, വയറിങ്, കോണ്‍ക്രീറ്റ് തുടങ്ങിയ പ്രവൃത്തികള്‍ ഇനിയും തുടങ്ങിയിട്ടില്ല. പ്രാക്തന ഗോത്ര വിഭാഗത്തിലെ കാട്ടുനായ്ക്കരായ രാജീവ്, അമ്മിണി, മിനി, ബിന്ദു ബാബു, മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട രാധാമണി, ബാബു, ശ്രീജാ ശ്രീരാജ്, അശ്വിന് ലാല്‍ എന്നിവരാണ് വീടുകളുടെ നിര്‍മാണം കഴിയാത്തതിനാല്‍ താത്കാലിക ഷെഡുകളില്‍ കഴിയുന്നത്. എസ് സി-എസ്ടി വിഭാഗങ്ങള്‍ക്ക് വീട് വെയ്ക്കാന്‍ ആറു ലക്ഷം രൂപയാണ് നല്‍കിയിട്ടുള്ളത്.
400 മുതല്‍ 420 ചതുരശ്ര അടിയിലാണ് വീട് നിര്‍മിക്കേണ്ടത്. വയറിങ് ഉള്‍പ്പെടെ പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. ടൗണിനോട് ചേര്‍ന്ന് സ്ഥലങ്ങളിലും ഉള്‍വനങ്ങളിലും വീടുകള്‍ നിര്‍മിക്കാന്‍ ഒരേ തുക തന്നെയാണ് നല്‍കുന്നത്.
പാലക്കയം കോളനിയിലെ ശ്യാംജിത്തിനാണ് വീടുകളുടെ നിര്‍മാണ ചുമതല. അടങ്കലില്‍ പറയുന്ന പ്രകാരം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒരു വീടിന് ഏഴരലക്ഷം രൂപയെങ്കിലും വേണം. പാലക്കയം കോളനിയിലേക്ക് റോഡ് ഉള്‍പ്പെടെ മോശമായതിനാല്‍ ലോറികള്‍ പോലും എത്തില്ല.
ചരക്ക് വാഹനത്തില്‍ വേണം നിര്‍മാണ സാധനങ്ങള്‍ എത്തിക്കാന്‍. അതിനാല്‍ തന്നെ ഒരു വീടിന് ഒരു ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും ഇക്കാര്യം അധികൃതരെ പലവട്ടം അറിയിച്ചിട്ടും ഫലം ഉണ്ടായില്ലെന്നും അതിനാലാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നും കരാറുകാരന് പറയുന്നു.
വെയിലും മഴയും ഏല്ക്കാതെ ഒന്ന് കിടന്നുറങ്ങാന്‍ ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാത്തതിനാല്‍ മഴക്കാലത്ത് താത്കാലിക ഷെഡുകളില്‍ കഴിയേണ്ട അവസ്ഥയിലാണ് ഈ കുടുംബങ്ങള്‍. പട്ടികവര്‍ഗ വകുപ്പ് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി പ്രശ്ന പരിഹാരം കാണണമെന്നാണ് ആദിവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം ഈ കുടുംബങ്ങള്‍ ഏറെ ദുരിതവും പേറി ഈ മഴക്കാലവും കഴിയേണ്ടി വരും.