മുൻകാല പ്രവർത്തകരുടെ സംഗമം നടത്തി
1424409
Thursday, May 23, 2024 5:51 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ മുൻകാല കേരള എൻജിഒ യൂണിയൻ പ്രവർത്തകർ ഒത്തുകൂടി അനുഭവങ്ങൾ പങ്കുവച്ചത് ശ്രദ്ധേയമായി .
1969 ൽ സർവീസിൽ പ്രവേശിച്ച് 1973 ലെ ഐതിഹാസികമായ സമരത്തിൽ പങ്കെടുത്തവർ മുതൽ 2013 ലെ പങ്കാളിത്തപെൻഷനെതിരേ നടന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തവർ വരെ സംഗമത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവച്ചു .
ജീവിക്കാൻ ആവശ്യമായ വേതനം ആവശ്യപ്പെട്ടും 100 രൂപ ഇടക്കാലാശ്വാസം ആവശ്യപ്പെട്ടും ആയിരുന്നു 1973 ലെ സമരം എങ്കിൽ 2013 ൽ പങ്കാളിത്തപെൻഷൻ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു സമരം. 2002 ലെ 32 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത പണിമുടക്കം ഉദാരവത്കരണ-സ്വകാര്യവത്ക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തസ്തിക വെട്ടിക്കുറക്കലിനും വേതനം മരവിപ്പിക്കലിനുമെതിരേയായിരുന്നു.
ഈ പണിമുടക്കിൽ മുഖ്യമന്ത്രി എ.കെ. ആന്റണിയെ പിന്തുണക്കുന്ന യുഡിഎഫ് അനുകൂല സംഘടനയിൽ അണിനിരന്ന ജീവനക്കാർ ഉൾപ്പെടെ പങ്കാളികളായി .
എന്നാൽ 2013ൽ ഇതേ സംഘടനകളും ജീവനക്കാരും പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിനെതിരേ നടന്ന സമരത്തിൽ ഒറ്റുകാരാവുകയും പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ജീവനക്കാർ നിരവധി സമരപോരാട്ടങ്ങളിലൂടെ കടന്നുപോയതിന്റെ ഓർമകൾ പലരും പങ്കുവച്ചു.
മുതിർന്ന നേതാക്കളായ ടി.കെ. കരുണാകരൻ , എ.എൻ. വിശ്വംഭരൻ , കെ. ശങ്കരൻ നായർ , പി. ശശിധരൻ , പി.എം. ജോസഫ് , കെ. വീരാൻകുട്ടി, സി. വിശ്വനാഥൻ , ടി.പി .അച്യുതൻ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.
എം.പി. ലീല , പി.സി ദേവയാനി എന്നിവർ കവിതാലാപനം നടത്തി . ഭാവിയിലും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി ടി.കെ. കരുണാകരൻ ചെയർമാനും വി.സി. ശങ്കരനാരായണൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു