നീന്തല്‍ പരിശീലനവുമായി മഞ്ചേരി അഗ്നിരക്ഷാ സേന
1424207
Wednesday, May 22, 2024 5:48 AM IST
മഞ്ചേരി : ജലാശയ അപകടങ്ങളെ ഒഴിവാക്കാനും അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താനും സൗജന്യ നീന്തല്‍ പരിശീലനവുമായി മഞ്ചേരി അഗ്നിരക്ഷാസേന.
സിവില്‍ ഡിഫന്‍സ്, ടിഡിആര്എഎഫ് വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ കാടപ്പടി ലാന്ഡ്സ്റ്റര് ഫാമിലി സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തത് 85ലേറെ വിദ്യാര്‍ഥികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജലാശയ അപകട മരണങ്ങള് അധികരിക്കുന്ന സാഹചര്യത്തിലാണ് പരിഹാരത്തിനായി മഞ്ചേരി ഫയര്‍ ആന്‍ഡ് റെസ്ക്യൂവിന്റെ നേതൃത്വത്തില്‍ "മിടിപ്പ്’ പദ്ധതിയിലൂടെ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനം മഞ്ചേരി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഹൗസിംഗ് ഓഫീസര്‍ പ്രദീപ് പാമ്പലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടപ്പാക്കിയ മിടിപ്പ് പദ്ധതി മാതൃകാപരമാണെന്നും ഇതര ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് കുട്ടികളടക്കമുള്ളവരുടെ അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ ഇതുപകരിക്കുമെന്നും പ്രദീപ് പാമ്പലത്ത് പറഞ്ഞു.
ടിഡിആര്‍എഫ് കോഓര്‍ഡിനേറ്റര്‍ ഫസല്‍ കാടപ്പടി അധ്യക്ഷത വഹിച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.കെ. പ്രജിത്, ഹോം ഗാര്‍ഡ് പി. സുരേഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ദിലീപ്, ദേവദാസ്, പ്രമോദ്, ഹുസ്ന, രജനി, ഖൈറുന്നിസ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.