കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റ വയോധിക അപകടനില തരണം ചെയ്തു
1423997
Tuesday, May 21, 2024 7:19 AM IST
പെരിന്തല്‍മണ്ണ: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാവിന്റെ വെട്ടേറ്റ് തലക്ക് ഗുരതര പരിക്കേറ്റ കുന്നക്കാവ് വടക്കേക്കരയിലെ പോത്തന്‍കുഴി കല്യാണി (76) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.
കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. വടക്കേക്കരയില്‍ ചാരിറ്റി സേവനവുമായി എത്തിയവര്‍, ഭിക്ഷാടകര്‍ എന്നിവരെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന വീടിനു കുറച്ചകലെ നിന്നു കണ്ടെത്തിയ കത്തിയും കൈക്കോടാലിയും ഇവ വാങ്ങിയ കട ഏതെന്നും അന്വേഷിക്കുന്നുണ്ട്. മോഷണശ്രമം സ്വര്‍ണാഭരണം ലക്ഷ്യംവച്ചാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അകത്ത് കയറിയ മോഷ്ടാവിന്റെ ശബ്ദം കേട്ട് കല്യാണി ഉണര്‍ന്നതോടെ മോഷ്ടാവ് അവരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസി ഷാജഹാൻ കല്യാണിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാർ പരിസരമാകെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നീല ഷര്‍ട്ടും പാന്റ്സുമാണ് മോഷ്ടാവ് ധരിച്ചതെന്ന് പറയുന്നു. പെരിന്തല്‍മണ്ണ സിഐ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.