നവീകരിച്ച പുലാമന്തോള്‍ പാലത്തിലെ ടാറിംഗ് അടര്‍ന്നു
1423996
Tuesday, May 21, 2024 7:19 AM IST
പുലാമന്തോള്‍: മൂന്നുമാസം മുമ്പ് നവീകരിച്ച പുലാമന്തോള്‍ പാലത്തിലെ ടാറിംഗ് അടര്‍ന്നതായി പരാതി. പെരുമ്പിലാവ് നിലമ്പൂര്‍ സംസ്ഥാനപാതയിലെ പാലക്കാട് ജില്ലയെയും മലപ്പുറം ജില്ലയെയും ബന്ധിപ്പിക്കുന്ന പുലാമന്തോള്‍ പാലത്തിലെ ടാറിംഗ് അടര്‍ന്നും സ്പാനുകള്‍ക്കിടയിലെ ജോയിന്റ് ബുഷിംഗ് തകര്‍ന്നും വര്‍ഷങ്ങളോളം യാത്രാ ദുരിതം നേരിട്ടിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീണ്ടും പാലം തുറന്നു കൊടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ റോഡിന്റെ അരികുകളില്‍ ടാറിംഗ് അടര്‍ന്നിരിക്കുകയാണ്. ജനുവരി ആദ്യവാരമാണ് പാലത്തിന്റെ പുനരുദ്ധാരണം തുടങ്ങിയത്. 53 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്.
ഫെബ്രുവരി ആദ്യവാരത്തില്‍ പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. നവീകരണം കഴിഞ്ഞു മൂന്നു മാസമായപ്പോഴേക്കും പാലത്തിലെ ടാറിംഗ് അടര്‍ന്നിരിക്കുകയാണ്. ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചത് കൊണ്ടായിരിക്കും ഇതിനു കാരണമെന്നാണ് പൊതുജനാഭിപ്രായം. ഇതുസംബന്ധിച്ചു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.