പ്രഥമ പ്രഭ പുരസ്കാരം ഡോ.വി. വേണുഗോപാലന്‍ സമ്മാനിച്ചു
1423995
Tuesday, May 21, 2024 7:19 AM IST
എടത്തറ: എടത്തറ പൊതുജന വായനശാലയും പ്രഭ അനുസ്മരണ സമിതിയും ചേര്‍ന്നു നല്കുന്ന പ്രഥമ പ്രഭ പുരസ്കാരം ഡോ. വി. വേണുഗോപാലന്‍ സമ്മാനിച്ചു. ഗാനരചയിതാവ് റഫീഖ് അഹമ്മദ് ആണ് പുരസ്കാരം സമര്‍പ്പിച്ചത്.
സ്വന്തം പുസ്തക പ്രകാശന ചടങ്ങിനിടെ യശ:ശരീരനായിത്തീര്ന്ന പ്രഭ ആനമങ്ങാടിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. കുട്ടികളുടെ ഡോക്ടര്‍ എന്ന നിലയില്‍ അര നൂറ്റാണ്ടുകാലത്തെ സേവനങ്ങളും കലാ,സാംസ്കാരിക, നാടക, സിനിമ രംഗങ്ങളില്‍ നല്കിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. വി. വേണുഗോപാലനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
7777 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എടത്തറയില്‍ നടന്ന ചടങ്ങ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സല് അധ്യക്ഷത വഹിച്ചു. ഉഷ മണലായ പ്രഭ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി വേണു പാലൂര്, ഡോ.രാമദാസ്, വേലുക്കുട്ടി, കെ.വി. പീതാംബരന്, വായനശാല സെക്രട്ടറി കെ.എം. അബ്ദുള്‍ഗഫൂര്‍, ഇ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. 33 വര്‍ഷം പോസ്റ്റുമാനായി സേവനമനുഷ്ഠിച്ച സി.പി. മാടമ്പി, 87 തവണ രക്തദാനം നടത്തിയ പ്രദീപ്കുമാര്‍ കാലടി, സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവും നാടക-സിനിമ നടനുമായ എം. പാര്‍ഥസാരഥി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
എടത്തറ വായനശാലയും സ്പൈഡേഴ്സ് എടത്തറയും ചേര്‍ന്ന് സംഘടിപ്പിച്ച എടത്തറ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിലെ വിജയികളെയും എടത്തറ പ്രദേശത്തു നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. പാര്‍ഥസാരഥിയുടെ "ഊണിനു നാലണ മാത്രം’ എന്ന ഏകപാത്ര നാടകവും അരങ്ങേറി.