അങ്ങാടിപ്പുറത്ത് റോഡരികിലെ മാലിന്യം നീക്കം ചെയ്യുന്നില്ല
1423755
Monday, May 20, 2024 5:33 AM IST
അങ്ങാടിപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന് മുന്നില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നു. സ്ലാബ് വിരിച്ച നടപ്പാതയിലാണ് മാലിന്യമുള്ളത്. വിശേഷദിവസങ്ങളിലെ കടലാസ് പ്ലേറ്റുകള്‍ ബാഗുകളിലാക്കിയാണ് ഇവിടെ കൊണ്ടിടുന്നത്.
മഴക്കാല ശുചീകരണ പ്രവൃത്തികള്‍ അങ്ങാടിപ്പുറം പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാലിന്യം കൂമ്പാരമാകുമ്പോള്‍ സമീപത്തെ പോളിടെക്നിക്കിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളാണ് ഇവ നീക്കം ചെയ്യാറ്. രാത്രിയിലാണ് പ്ലാസ്റ്റിക് സഞ്ചികളിലാക്കി വാഹനങ്ങളിലും മറ്റുമായി ഇവിടെ മാലിന്യം ചാക്കുകളിലാക്കി തള്ളുന്നതെന്നു സമീപവാസികള്‍ പറയുന്നു.
മഴ പെയ്തു തുടങ്ങിയതോടെ മാലിന്യങ്ങള്‍ നിറഞ്ഞ സഞ്ചികളില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നു. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴാണ് നഗരത്തിലെ വഴിയരികില്‍ ഈ അവസ്ഥ. മാലിന്യം കാരണം ഇതിലൂടെ കാല്‍നടയാത്രക്കാരും പ്രയാസം നേരിടുന്നു.
വര്‍ധിച്ചുവരുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ആവശ്യമായ സൗകര്യമില്ലാത്തതു പഞ്ചായത്ത് നേരിടുന്ന വെല്ലുവിളിയാണ്. വലമ്പൂരിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഹരിത കര്‍മ സേന വീടുകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യം പോലും കരാറുകാരുമായുള്ള വിഷയം കാരണം മുടങ്ങിയിരിക്കുകയാണ്.