വന്‍തോതില്‍ കൃഷി നശിപ്പിച്ചു; മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
1423425
Sunday, May 19, 2024 5:31 AM IST
കരുവാരകുണ്ട്: പുതുമഴ പെയ്തതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പുത്തനഴി പുളിയക്കോട്ടെ പാപ്പാലില്‍ ജോസ് മാസ്റ്ററുടെ വീടിന്റെ ഗേറ്റ് കടന്ന് വീട്ടുമുറ്റം വഴി കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ പ്ലാവുകളിലെ ചക്കയും ഭക്ഷണമാക്കി കാര്‍ഷിക വിളകള്‍ ഒന്നടങ്കം ചവിട്ടി മെതിച്ചു.
തുടര്‍ന്നു പുത്തനഴി പുളിയക്കോട് മൂലയില്‍ ഏബ്രഹാമിന്റെ കൃഷിയിടത്തിലെത്തി നൂറുക്കണക്കിന് കുലച്ച വാഴകളും മാവും മറ്റു ഫലവൃക്ഷങ്ങളും നാശം വരുത്തുകയും ചെയ്തു. കുന്നുമ്മേല്‍ പൗലോസിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ ലക്ഷങ്ങളുടെ കൃഷിനാശവും വരുത്തിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയില്‍ നനച്ചു വളര്‍ത്തിയ കാര്‍ഷിക വിളകളാണ് നിമിഷ നേരം കൊണ്ടു കാട്ടാനകള്‍ ഭക്ഷണമാക്കിയത്. പറയന്മാട് തുണ്ട് വനഭൂമിയില്‍ നിന്നിറങ്ങിയ ഒമ്പതിലധികം കാട്ടാനകളാണ് പ്രദേശത്ത് കൃഷി നശിപ്പിച്ചത്.
ഈ വര്‍ഷത്തെ കനത്ത വരള്‍ച്ചയില്‍ ജീവിതം വഴിമുട്ടിയ മലയോര കര്‍ഷകര്‍ക്ക് കാട്ടാന ശല്യം ഇരുട്ടടിയാണ് സമ്മാനിച്ചത്. കര്‍ഷകരുടെ വിളകള്‍ ഒന്നടങ്കം നശിപ്പിച്ചു ശനിയാഴ്ച പുലര്‍ച്ചെ കാട്ടാനകള്‍ വനത്തിലേക്ക് തിരികെ പോയതായി കര്‍ഷകര്‍ പറഞ്ഞു.