വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുത്: മനുഷ്യാവകാശ കമ്മീഷന്
1423422
Sunday, May 19, 2024 5:31 AM IST
മലപ്പുറം: ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യബസുകളെ സംബന്ധിക്കുന്ന വിവരം നല്‍കുന്നവരുടെ പേരും വിലാസവും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു കാരണവശാലും പരസ്യമാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്.
മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കാണ് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദേശം നല്‍കിയത്. ഇത്തരം ബസുകളുടെ ഉടമസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള സ്വകാര്യ ബസുകളിലും ചില കെഎസ്ആര്‍ടിസി ബസുകളിലും അധിക ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇതിനെതിരേ പരാതി നല്കിയാല് നടപടിയെടുക്കാതെ വിവരം നല്‍കുന്നവരുടെ പേരും വിലാസവും മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ബസുകാര്‍ക്ക് ചോര്‍ത്തി നല്‍കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
ബസ് ജീവനക്കാര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം നിലവിലുണ്ട്. ബസുകളിലെ വീഡിയോ, ഓഡിയോ സിസ്റ്റം പരിേശാധിക്കാന്‍ എല്ലാ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മലപ്പുറം ആര്‍ടിഒ കമ്മീഷനെ അറിയിച്ചു.
ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിന്തല്‍മണ്ണ പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് സൈനുദ്ദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.