305 ലിറ്റര്‍ വാഷ് പിടികൂടി
1423278
Saturday, May 18, 2024 5:49 AM IST
നിലമ്പൂര്‍: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചാരായമുണ്ടാക്കാന്‍ തയാറാക്കി വച്ച 305 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്. രതീഷും സംഘവും നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയിലാണ് വാഷും മറ്റും പിടിച്ചെടുത്തത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഢ്യന്‍പാറ മായംപള്ളി ഭാഗത്താണ് പരിശോധന നടത്തിയത്. മൂന്ന് കന്നാസുകളിലും ഇരുമ്പു ബാരലിലും സൂക്ഷിച്ച 305 ലിറ്റര്‍ വാഷ് കണ്ടെത്തി.
സംഭവത്തില്‍ സ്വകാര്യവ്യക്തിയുടെ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂര്‍ കുറുംകുളം സ്വദേശി ആലുങ്ങല്പറമ്പില് രാധാകൃഷ്ണന് എന്നയാളുടെ പേരില്‍ കെസെടുത്തു. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് ഇതിനു മുമ്പും ലഭിച്ചിട്ടുണ്ട്.
സ്ഥലത്തുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ചോലയുടെ ഭാഗത്ത് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കരിയിലകളും മറ്റുംകൊണ്ടു മൂടിയ നിലയിലാണ് വാഷ് ഒളിപ്പിച്ചിരുന്നത്. കേസിന്റെ രേഖകളും തൊണ്ടിമുതലുകളും നിലമ്പൂര്‍ റേഞ്ച് ഓഫീസില്‍ ഹാജരാക്കി.
കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം നിലമ്പൂര്‍ റേഞ്ച് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.പി. സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ടി. ഷംനാസ്, എബിന് സണ്ണി, സബിന്‍ ദാസ്, ഡ്രൈവര്‍ മഹമൂദ് എന്നിവരും ഉണ്ടായിരുന്നു.