കലാശക്കൊട്ട് വ്യത്യസ്ത റോഡുകളില്; വകുപ്പുതല മേധാവിമാരുടെ യോഗം ചേര്ന്നു
1418313
Tuesday, April 23, 2024 7:15 AM IST
മഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏറനാട് താലൂക്ക് ഓഫീസില് വിവിധ വകുപ്പുതല മേധാവിമാരുടെ യോഗം ചേര്ന്നു. കലാശക്കൊട്ടിന് വിവിധ മുന്നണികള്ക്ക് വ്യത്യസ്ത റോഡുകള് നല്കി നഗരത്തിലേക്ക് പ്രവര്ത്തകരെത്തുന്നത് തടയാന് തീരുമാനിച്ചു.
ഏറനാട് താലൂക്കിനു കീഴിലുള്ള മൂന്നു മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലേക്കെത്തുന്ന വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിനായി സ്ഥലം കണ്ടെത്തി. മഞ്ചേരി നിയമസഭാ മണ്ഡലത്തിനു കീഴിലെ ബൂത്തിലേക്ക് ബോയ്സ് ഹയര് സെക്കന്ഡറി സ്കൂളില് നിന്നാണ് സാധനങ്ങള് വിതരണം ചെയ്യുക.
ഇവിടങ്ങളിലേക്ക് എത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്ക്ക് സഞ്ചരിക്കാനായി ഏര്പ്പെടുത്തി വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും കച്ചേരിപ്പടി ഐജിബിടി ബസ് സ്റ്റാന്ഡിലും എതിര്വശത്തുള്ള ഒഴിഞ്ഞ സ്ഥലത്തുമായി പാര്ക്ക് ചെയ്യണം.
ഏറനാട് മണ്ഡലത്തിലേക്ക് ചുള്ളക്കാട് സ്കൂളില് നിന്നാണ് വിതരണം ചെയ്യുക. ഇവിടേക്കെത്തുന്ന വാഹനങ്ങള് സിഎസ്ഐ ചര്ച്ച് പരിസരത്തും പാര്ക്ക് ചെയ്യാം. ബുധന്, വ്യാഴം, വെള്ളി ദിവസങ്ങളില് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് കെഎസ്ഇബിക്ക് നിര്ദേശം നല്കി. ജല അഥോറിറ്റിയുടെ നേതൃത്വത്തില് കുടിവെള്ളവും സജ്ജമാക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കര്ശന പരിശോധന നടത്താനും തീരുമാനിച്ചു.
ഭൂരേഖ തഹസില്ദാര് കെ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസില്ദാര് കെ. മുകുന്ദന്, മഞ്ചേരി പോലീസ് ഇന്സ്പെക്ടര് കെ.എം. ബിനീഷ്, എടവണ്ണ പോലീസ് ഇന്സ്പെക്ടര് ഇ. ബാബു, എക്സൈസ് ഇന്സ്പെക്ടര് എച്ച്. വിനു, ഫയര് ഓഫീസര് പി. പ്രദീപ്, നഗരസഭ സൂപ്രണ്ട് പ്രദീപന്, ഹെല്ത്ത് ഇന്സ്പെക്ടര് കെ.പി. സലീം, മെഡിക്കല് കോളജ് ആര്എംഒ ഡോ. സജിന്ലാല്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കെ.പി. അന്സാര്, ടി. അര്ഷദ് അഹമ്മദ് എന്നിവര് സംസാരിച്ചു.