ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവിന് ഗുരുതര പരിക്ക്, മൂന്നു പേര് അറസ്റ്റില്‍
1418311
Tuesday, April 23, 2024 7:15 AM IST
കരുവാരകുണ്ട് : രണ്ടു പ്രദേശത്തുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. കരുവാരകുണ്ട് അരിമണലി കുന്നനാത്ത് ഫസലുദ്ദീ(30)നാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കുണ്ട്ലാംപാടത്ത് കളക്കുന്നിലമ്മയുടെ ക്ഷേത്രോത്സവത്തിനിടയിലാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ കരുവാരകുണ്ട് പോലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളുടെ പേരില്‍ ജുവനൈല്‍ ആക്ട് അനുസരിച്ചും നടപടി സ്വീകരിച്ചു. തെച്ചിയോടന്‍ ആഷിഖ് റഹ്മാന്, പി. മുഹമ്മദ് ഷാമില്‍, കെ.പി. നജ്മുദ്ദീന് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അരിമണല്‍, നീലാഞ്ചേരി പ്രദേശത്തെ ചിലര്‍ തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഉത്സവത്തിനിടയില്‍ വീണ്ടും രണ്ടു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.