പെന്‍ഷന്‍തുക കിണറ്റില്‍ വീണു; രക്ഷകരായി അഗ്നിരക്ഷാസേന
1417156
Thursday, April 18, 2024 5:50 AM IST
നിലമ്പൂര്‍: നിര്‍ധന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് കിട്ടിയപ്പോള്‍ ഉദിരകുളത്തെ വയോധികയായ മാതാവ് ഏറെ സന്തോഷിച്ചെങ്കിലും ആ സന്തോഷം അല്പ നേരം ഇവരെ അങ്കലാപ്പിലാക്കി. കിട്ടിയ തുക അബദ്ധത്തില്‍ 20 മീറ്റര്‍ താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
അവരുടെ സങ്കടം കണ്ടു ഒരാള്‍ കിണറ്റില്‍ ഇറങ്ങിയങ്കിലും ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നു തിരികെ കയറ്റി. തുടര്‍ന്നു നിലമ്പൂര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂരില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാസേനയെത്തി.
ഫയര്‍ റെസ്ക്യൂ ഓഫീസര്‍ രുമേഷ് സെറ്റ് ധരിച്ചു റെസ്ക്യൂ നെറ്റില്‍ കിണറ്റിലിറങ്ങി നഷ്ടപെട്ട മുഴുവന്‍ തുകയും എടുത്തു നല്‍കുകയായിരുന്നു. അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരായ നിസാം, ജംഷാദ്, രമേഷ്, മോഹനന്, ജവാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.