ശുചിത്വ പരിശോധന നടത്തി; സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി
1416927
Wednesday, April 17, 2024 5:29 AM IST
നിലമ്പൂര്‍: ഹെല്‍ത്തി കേരള ഇന്‍സ്പെക്ഷന്റെ ഭാഗമായി നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ശുചിത്വ പരിശോധന നടന്നു.
പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതിനും രേഖകള്‍ സൂക്ഷിക്കാത്തതിനും രണ്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. അഞ്ജന, ജെഎച്ച്ഐമാരായ കെ. അനീഷ്, വിനോദ് കുമാര്‍, പി.വി. വിജയലക്ഷ്മി, കെ.ജി. ജിതിന് എന്നിവര്‍ പങ്കെടുത്തു.
വണ്ടൂര്‍: വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ ആറുപഞ്ചായത്തുകളിലെയും ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറികള്‍, ഇതര സ്ഥാപനങ്ങള്‍ അടക്കം 87 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തതിന് പുളക്കലില്‍ ഒരു ലബോറട്ടറി അടപ്പിച്ചു.
മറ്റ് 36 സ്ഥാപനങ്ങള്‍ക്കെതിരേ കേന്ദ്ര പുകയില നിരോധന നിയമപ്രകാരം നടപടി സ്വീകരിച്ചു. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വണ്ടൂര്‍ പഞ്ചായത്തില്‍ താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.മുഹമ്മദാലി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം. പ്രഭാകരന്, ആര്.സുധീഷ്, എം.എം ജസീര്‍ എന്നിവര്‍ നേതൃത്വം നല്കി.