വോട്ടിംഗ് മെഷീനുകളുടെ റാന്ഡമൈസേഷന് പൂര്‍ത്തിയായി
1416920
Wednesday, April 17, 2024 5:29 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി.
അതത് നിയമസഭാ മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് യൂണിറ്റുകള്‍ (ബി യു), കണ്ട്രോള് യൂണിറ്റുകള്‍(സി യു), വിവിപാറ്റ് എന്നിവ ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാംഘട്ട റാന്ഡമൈസേഷന്.
നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്കിയ ശേഷം ഇവിഎം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിംഗ് മെഷീന്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്.
മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക്ടറും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്ഡമൈസേഷന് വയനാട് ജില്ലാ കളക്ടറുടെ ചേംബറില്‍ വയനാട് ജില്ലാ കളക്ടറുമാണ് നിര്‍വഹിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകരുടെയും വരണാധികാരികളുടെയും വിവിധ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു റാന്ഡമൈസേഷന്.
മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും മലപ്പുറം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ വി.ആര്. വിനോദിന്റെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷനില്‍ പൊതുനീരീക്ഷകരായ അവദേശ് കുമാര്‍ തിവാരി (മലപ്പുറം), പുല്‍കിത് ആര്.ആര്. ഖരേ (പൊന്നാനി), പൊന്നാനി മണ്ഡലം വരണാധികാരിയും എഡിഎമ്മുമായ കെ. മണികണ്ഠന്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.