റബര്‍ തോട്ടത്തില്‍ പടര്‍ന്ന തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധികന് വെന്തുമരിച്ചു
1416493
Monday, April 15, 2024 10:22 PM IST
എടക്കര: റബര്‍ തോട്ടത്തില്‍ പടര്‍ന്ന തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധികന് വെന്തുമരിച്ചു. മൂത്തേടം ചീനിക്കുന്ന സ്വദേശി മുണ്ടമ്പ്ര ഷൗക്കത്തലിയാണ് (65) പേരൂപ്പാറ വെട്ടിലങ്ങാടിയില് റബര്‍ തോട്ടത്തില്‍ പടര്‍ന്ന തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
വെട്ടിലങ്ങാടിയിലെ പൊതുശ്മശാനത്തിന് സമീപത്തെ അടുക്കത്ത് കുഞ്ഞാപ്പ എന്നയാളുടെ ഉടമസ്ഥതിയിലുള്ള ഭൂമിയിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനിടയിലാണ് അപകടം. കത്തിച്ച് തുടങ്ങിയതോടെ തീ നിയന്ത്രണാധീതമാവുകയും സമീപത്തെ അടുക്കത്ത് പോക്കര് ഹാജിയുടെ ഉടമസ്ഥയിലുള്ള റബര്‍ തോട്ടത്തിലേക്ക് പടരുകയുമായിരുന്നു.
മറ്റൊരു കൃഷിയിടം നനച്ചു കൊണ്ടിരുന്ന ഷൗക്കത്തലി തീ കത്തിയതറഞ്ഞ് അണക്കാനായി എത്തിയതായിരുന്നു. തീയണക്കുന്നതിനിടയില്‍ ബോധരഹിതനായി തീയിലേക്ക് വീഴുകയും മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഷൗക്കത്തലിയെ തീയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മാത്രമല്ല അടുക്കത്ത് നജീബ് ഉള്‍പടെയുള്ളവര്‍ക്ക് പൊളളലേല്‍ക്കുകയും ചെയ്തു.
എടക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും വൈകിട്ടോടെ മൃതദേഹം കബറടക്കുകയും ചെയ്തു. കദീജയാണ് ഷൗക്കത്തലിയുടെ ഭാര്യ. റഫീഖ്, സാലിഹ, സാഹിന, സജ്ന, സാഫിഖ് എന്നിവര്‍ മക്കളും, സാജിദ, നാസര്‍, സൈഫുദ്ദീന്, ജാഫര്‍ എന്നിവര്‍ മരുമക്കളുമാണ്.