കിണറ്റില്‍ വീണ ഗൃഹനാഥനെ രക്ഷപ്പെടുത്തി
1416334
Sunday, April 14, 2024 5:18 AM IST
മഞ്ചേരി: കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ആനക്കയം പതിനൊന്നാം വാര്‍ഡില്‍ കിഴക്കുംപള്ളി പൈപ്പള്ളിക്കുണ്ടില് ഫസലു റഹ്മാന് (45)നെയാണ് മഞ്ചേരി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. വൃത്തിയാക്കുന്നതിനായി കിണറ്റിലിറങ്ങിയ ഫസലു റഹ്മാന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു.
30 അടിയോളം താഴ്ചയുള്ള കിണറിന്റെ പകുതിയോളം തിരിച്ചു കയറിയെങ്കിലും കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സേനയുടെ നിര്‍ദേശമനുസരിച്ച് കിണറ്റില്‍ വീണയാള്‍ക്ക് ഓക്സിജന്‍ ലഭ്യമാകുന്നതിനായി നാട്ടുകാര്‍ ഫാന്‍, പച്ചിലക്കമ്പുകള്‍ എന്നിവ കെട്ടിയിറക്കിയിരുന്നു.
സ്റ്റേഷന് ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സേന ഉടന്‍ സ്ഥലത്തെത്തുകയും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ കെ. മനേഷ് റസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ഫസലു റഹ്മാനെ മുകളിലെത്തിക്കുകയുമായിരുന്നു.
സേനയുടെ നേതൃത്വത്തില്‍ ഫസലു റഹ്മാനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.വി. അനൂപ്, സീനിയര്‍ മെക്കാനിക് എം. സൈനുല്‍ ആബിദ്, പി.പി. അബ്ദുള്‍ സലീം, ഓഫീസര്‍മാരായ എം. അനൂപ്, കെ. ബിനീഷ്, പി. ഗണേഷ് കുമാര്‍, കെ.എന്‍. സുബ്രമണ്യന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.