ജന്മനാട്ടില് ആദ്യമായി സപ്താഹ പ്രഭാഷണം നടത്തി നാഗരാജന് നമ്പൂതിരി
1416332
Sunday, April 14, 2024 5:18 AM IST
രാമപുരം: നാലമ്പല ദേശമായ രാമപുരത്തെ ജന്മനാട്ടില് ആദ്യമായി സപ്താഹ പ്രഭാഷണം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ബ്രഹ്മശ്രീ രാമപുരം ആനല്ലൂര് തേക്കേടത്ത് നാഗരാജന് നമ്പൂതിരി. അവതരണത്തിന്റെ പ്രത്യേകത കൊണ്ടും ഗാനാലാപന മികവു കൊണ്ടും ശ്രോതാക്കളെ ഭക്തിയുടെ പാരമ്യത്തിലേക്കുയര്ത്താന് കഴിയുന്ന അപൂര്‍വം ചില പ്രഭാഷകരിലൊരാളാണ് നാഗരാജന് നമ്പൂതിരി.
കേരളത്തിനകത്തും പുറത്തുമായി ധാരാളം സപ്താഹ പ്രഭാഷണം നടത്തിയ ഇദ്ദേഹം വിവിധ ഘട്ടങ്ങളിലായി വിദേശരാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം ധാരാളം പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന് കോട്ടയം തിരുവഞ്ചൂര്‍ സപ്താഹ സമിതിയുടെ ഭാഗവത ഗായക ശിരോമണി പട്ടവും ലഭിച്ചിട്ടുണ്ട്. രാമപുരം ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ ആറിനാരംഭിച്ച ഭാഗവത സപ്താഹയജ്ഞം ഇന്നലെ സമാപിച്ചു.
വിവിധ ദേശങ്ങളില്‍ നിന്നായി ഒട്ടേറെ ഭക്തജനങ്ങള്‍ യജ്ഞത്തില്‍ പങ്കെടുത്തു. രാമപുരം ആനല്ലൂര് തെക്കേടത്ത് ഭാസ്കരന് നമ്പൂതിരിയുടെയും കാറല്‍മണ്ണ തെക്കുംപറമ്പ് ഇല്ലത്തെ ആര്യ അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ:സുജശ്രീ. മാപ്പ്രാമ്പിള്ളി മന, അന്നമനട). മകള്‍: അവന്തിക.