ജലസേചനം നിലച്ചു; കാര്‍ഷിക വിളകള്‍ നശിക്കുന്നു
1416177
Saturday, April 13, 2024 5:31 AM IST
കരുവാരകുണ്ട്: കനത്ത വരള്‍ച്ചയെ തുടര്‍ന്ന് കമുകും തെങ്ങും ജാതിയും അടക്കമുള്ള കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നത് മലയോര കര്‍ഷകര്‍ക്ക് നികത്താനാകാത്ത നഷ്ടം വരുത്തിവയ്ക്കുന്നു. വേനലാരംഭത്തില്‍ കാട്ടുച്ചോലകളിലൂടെ ഒഴുകുന്ന വെള്ളമാണ് കൃഷിയിടങ്ങളില്‍ ജലസേചനത്തിന് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ തുലാവര്‍ഷം കനിയാത്തതിനെത്തുടര്ന്നു കുംഭമാസത്തില്‍ തന്നെ കാട്ടുച്ചോലകളിലെ നീരൊഴുക്ക് നിലച്ചിരുന്നു. ഒലിപ്പുഴയിലും കല്ലന്പുഴയിലും നേരത്തെ തന്നെ നീരൊഴുക്ക് നിലച്ചു.
ഇതേതുടര്‍ന്ന് പുഴകളെ ആശ്രയിച്ചു ജലസേചനം നടത്തിയവരും പ്രയാസത്തിലായി. വനത്തിനുള്ളില്‍ കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വംശവര്‍ധനവിനെ തുടര്‍ന്ന് അവയുടെ ദാഹം ശമിപ്പിക്കാന്‍ ചോലവെള്ളം ഉപയോഗിക്കുന്നതും ജലക്ഷാമത്തിന് മറ്റൊരു കാരണമായതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നുപതിറ്റാണ്ടുകളിലേറെ പ്രായമുള്ള കമുക്, ജാതി, ഗ്രാമ്പു തുടങ്ങിയ കാര്‍ഷിക വിളകള്‍ വരള്‍ച്ച ബാധിച്ച് നാശത്തിന്റെ വക്കിലാണ്. സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് ധനസഹായം നല്‍കണമെന്നാണ് മലയോര കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.