സംസ്ഥാന ബജറ്റ് വിഹിതം പാഴായി; വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നൽകി
1415963
Friday, April 12, 2024 5:11 AM IST
പെരിന്തൽമണ്ണ: സർക്കാരിന്റെ അലംഭാവവും ട്രഷറി വീഴ്ചയും മൂലം വെട്ടത്തൂർ പഞ്ചായത്തിന്റെ സംസ്ഥാന ബജറ്റ് വിഹിതം പാഴായി. പ്ലാൻ ഫണ്ട് , ജനറൽ പർപ്പസ് ഫണ്ട്, ഗ്രാന്റ് ഇനത്തിലുള്ള തുക എന്നിവയാണ് പഞ്ചായത്തിന് നഷ്ടമായതെന്ന് വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ പറഞ്ഞു.
സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെയാണ് പൊതുവിഭാഗത്തിൽ അവസാന ഗഡുബജറ്റ് വിഹിതം അനുവദിച്ചത്. സർക്കാർ നിർദേശ പ്രകാരം, അനുവദിച്ച തുകയുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ മാർച്ച് 27 വരെ സമയം നീട്ടി നൽകിയിരുന്നു. ഇത്തരത്തിൽ സമർപ്പിക്കുന്ന ബില്ലുകൾ "ക്യൂ' ചെയ്ത് മുൻഗണന പ്രകാരം അനുവദിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ സമർപ്പിച്ച മുഴുവൻ ബില്ലുകളും ഡി.ഡി.ഒ മാർക്ക് മടക്കി നൽകാൻ നിർദേശം നൽകുകയായിരുന്നു.
23-24 സാമ്പത്തിക വർഷത്തെ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സമർപ്പിച്ച 64,16,675 രൂപയുടെ 38 ബില്ലുകളിൽ ഒന്നൊഴിച്ച് 37 ബില്ലുകളും പാസാക്കാതെ മടക്കുകയായിരുന്നു. തുക പാസാക്കാത്തതിനാൽ, 37 ബില്ലുകളുടെ 55,16, 675 രൂപ 2023-24 വർഷത്തെ സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് പഞ്ചായത്തിന് ഇപ്പോൾ നഷ്ടമായിരിക്കുകയാണ്.
2023-24 സാമ്പത്തിക വർഷാവസാനം സമർപ്പിച്ച ബില്ലുകൾ പാസാക്കുന്നതിൽ പെരിന്തൽമണ്ണ സബ് ട്രഷറി നിരുത്തരവാദ സമീപനമാണ് സ്വീകരിച്ചത്.ഇതിനും പുറമേ വെട്ടത്തൂർ പഞ്ചായത്തിൽ 23-24 വർഷത്തിൽ ബജറ്റ് വിഹിതത്തിൽ ജനറൽ പർപ്പസ് ഫണ്ടിനത്തിൽ 43 ലക്ഷവും സിഎഫ്സി ഗ്രാന്റിനത്തിൽ 30 ലക്ഷവും മെയിന്റനൻസ് ഗ്രാന്റിനത്തിൽ 63 ലക്ഷവും അടക്കം 1.36 കോടി രൂപ വിനിയോഗത്തിന് നൽകാതെ സർക്കാർ തടഞ്ഞ് വച്ചിരിക്കുകയാണ്.
ഗ്രാമ പഞ്ചായത്തിന്റെ വീഴ്ച കൊണ്ടല്ലാതെ നഷ്ടപ്പെട്ട മുഴുവൻ തുകയും 2024-25 പുതിയ സാമ്പത്തിക വർഷത്തിൽ അധികമായി അനുവദിച്ച് നൽകണമെന്ന് തദ്ദേശവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പ്രസിഡന്റ് ആവശ്യപ്പെട്ടു.