എന്‍ഒസി ആവശ്യത്തിന് എത്തുന്നവരെ വട്ടംകറക്കി വനംവകുപ്പ് ജീവനക്കാര്‍: വനംവിജിലന്‍സ് അന്വേഷണം നടത്തും
1415959
Friday, April 12, 2024 5:11 AM IST
നിലമ്പൂര്‍: എന്‍ഒസി ആവശ്യത്തിനെത്തുന്നവരെ വനംവകുപ്പ് ജീവനക്കാര്‍ വട്ടംകറക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് വനംവിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് വനം വിജിലന്‍സ് വ്യക്തമാക്കി.
വനമേഖലയോട് ചേര്‍ന്ന് ആയിരക്കണക്കിന് ജനങ്ങള്‍ താമസിക്കുന്ന നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളുടെ പരിധികളില്‍ നിന്നുമെത്തുന്നവരെയാണ് നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലെ വനം വകുപ്പ് ജീവനക്കാര്‍ വട്ടം കറക്കുന്നത്. വനംവകുപ്പ് നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വനംവകുപ്പിന്റെ നിരാക്ഷേപ പത്ര(എന്‍ഒസി)ത്തിന് അപേക്ഷ നല്‍കുന്നവരാണ് ഇതിനായി മാസങ്ങളോളം വനംവകുപ്പ് ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കായി ഭൂമി വില്‍പ്പന നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഏറെ പ്രയാസപ്പെടുന്നത്. എന്‍ഒസിക്ക് അപേക്ഷ നല്കിയാല് പിന്നെ ഇതൊന്ന് ലഭിക്കണമെങ്കില്‍ അപേക്ഷകന്റെ പെടാപ്പാട് ചെറുതല്ല. ഡെപ്യൂട്ടി റേഞ്ചര്‍ സ്ഥലം സന്ദര്‍ശിച്ച് റേഞ്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. റേഞ്ചര്‍ ഉള്‍പ്പെടെ പീന്നീട് സ്ഥലം സന്ദര്‍ശിക്കണം.
ഇതെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഫയല്‍ ഡിവിഷന് ഓഫീസുകളില്‍ എത്തും. എന്നാല്‍ പിന്നീട് ഫയല്‍ നീങ്ങാന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിലും പ്രയാസമാണ്. 500 ഉം 1000വുമെല്ലാം ഇവര്‍ക്ക് നല്‍കിയാണ് തങ്ങള്‍ എന്‍ഒസി വാങ്ങിയതെന്ന് പറയുന്ന നിരവധി പേര് നിലമ്പൂര്‍ മേഖലയിലുണ്ട്. കുറഞ്ഞത് ഒരു എന്‍ഒസി കൈയില്‍ കിട്ടുമ്പോഴേക്കും പെടാപ്പാടിന് പുറമെ 5000 രൂപയോളം കൈക്കൂലി തന്നെ നല്‍കേണ്ടി വരുമെന്ന് മുന്‍പ് എന്‍ഒസി ലഭിച്ചവര്‍ പറയുന്നു.
വനംവകുപ്പിന് വിജിലന്‍സ് വിഭാഗം ഉണ്ടെങ്കിലും അത് പേരില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയിലായതാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ പിഴിയാന്‍ അവസരം ഒരുക്കിയത്. നിരവധി അപേക്ഷകര്‍ വനംവിജിലന്സിന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടുമില്ല. അന്വേഷണം നടത്തുമെന്ന് വനംവിജിലന്‍സ് പറയുമ്പോഴും അത് എത്രകണ്ട് മുന്നോട്ട് പോകുമെന്ന സംശയത്തിലാണ് ജനങ്ങള്‍. നേരിട്ട് പണം കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് ചില ഉദ്യോഗസ്ഥര്‍ എന്‍ഒസി യുടെ പേരില്‍ വേണ്ടപ്പെട്ട വ്യക്തികളെ ഏജന്‍സികളാക്കി വെച്ചിട്ടുള്ളത്.
റിട്ട. വനപാലകരില്‍ ചിലര്‍ ഉള്‍പ്പടെ എന്‍ഒസി ഏജന്‍സികളായി നിലവിലുണ്ട്. ഇവരില്‍ പലരെയും വനംവകുപ്പ് ഓഫീസ് പരിസരത്ത് കാണുകയും ചെയ്യാം. വലിയ തുകയാണ് ഇവര്‍ എന്‍ഒസിയുടെ പേരില്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങുന്നത്.
ഇതില്‍ നിന്ന് കൃത്യമായ വിഹിതം ലഭിക്കുന്ന ചില ഉദ്യോഗസ്ഥരുടെ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. അപേക്ഷയുടെ പേരില്‍ 20 തവണയിലേറെ ഓഫീസ് കയറിയിറങ്ങിയവരുമുണ്ട്. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലേക്കാള് കൂടുതല്‍ എന്‍ഒസി ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലാണ്.