വണ്ടൂരിൽ മോട്ടോർ ബൈക്ക് കത്തിനശിച്ചു
1415957
Friday, April 12, 2024 5:11 AM IST
വണ്ടൂർ: നടുവത്ത് മോട്ടോർ ബൈക്ക് കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ വായനശാലക്ക് സമീപത്തുവച്ചായിരുന്നു അപകടം. വായനശാലക്ക് സമീപമുള്ള സ്റ്റോറിൽനിന്നും സ്വകാര്യ വ്യക്തി സാധനങ്ങൾ വാങ്ങി ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ തീപിടിക്കുകയായിരുന്നു.
ഉടനെ ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സ്റ്റോർ ഉടമ ഗോപകുമാർ ബൈക്ക് തള്ളിനീക്കി അപകടം ഒഴിവാക്കുകയായിരുന്നു. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.