കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ കൂടി വനംവകുപ്പിന്റെ പിടിയിലായി
1415956
Friday, April 12, 2024 5:11 AM IST
നിലമ്പൂര്‍: കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ രണ്ടുപേര്‍ കൂടി വനം വകുപ്പിന്റെ പിടിയിലായി. അകമ്പാടം മാങ്ങാട്ടിരി നന്ദന് (സുനില്‍കുമാര്‍-50), എടവണ്ണ പന്നിപ്പാറ വി.കെ. പടി സ്വദേശി അക്കരമ്മല്‍ ഹംസ (42) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ കെ.ജി. അന്‍വറും സംഘവും പിടികൂടിയത്.
ഇതോടെ കാട്ടുപോത്ത് കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി. കാട്ടു പോത്തിനെ വെടി വയ്ക്കുകയും ഇറച്ചി ആക്കുകയും ചെയ്ത രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായതെന്ന് നിലമ്പൂര്‍ വനം റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വര്‍ പറഞ്ഞു. മഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 26 വരെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് നടത്തുന്നതിനായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വനം വകുപ്പിന്റെ തീരുമാനം.
അന്വേഷണ സംഘത്തില്‍ കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. ഗിരീശന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.എം. സുരേഷ്, പി. മാനുക്കുട്ടന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ.കെ. രമേശന്, കെ. സതീഷ്കുമാര്‍, കെ.എന്‍. ഹരീഷ്, ആന്റണി തോമസ്, എം.വി. പ്രജീഷ്, ഈശ്വര്‍ പ്രതാപ്, സനോജ് കുമാര്‍, കെ.പി. ലോലിത, എ. അഭിഷേക് എന്നിവരും ഉണ്ടായിരുന്നു.
ജനുവരി എട്ടിന് നിലമ്പൂര്‍ റേഞ്ചിലെ കാഞ്ഞിരപ്പുഴ വനംസ്റ്റേഷന് പരിധിയിലെ ഇരൂള്‍ക്കുന്ന് വനമേഖലയില്‍ വച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയത്. കാട്ടുപോത്തിനെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കിന്റെ ഉടമ കൂടിയായ പ്രതിയെയാണ് ഇനി പിടികൂടാനുള്ളത്.