നഗരസഭാ ടൗൺഹാൾ നിർമാണം പുനരാരംഭിക്കുന്നു
1415955
Friday, April 12, 2024 5:11 AM IST
പെരിന്തൽമണ്ണ: കനത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണം നിർത്തിവച്ചിരുന്ന ആധുനിക ടൗൺഹാളി ന്റെ നിർമാണ പ്രവൃത്തികൾ ഈ മാസം തുടങ്ങുവാനുള്ള നടപടിയായി. ഇതുമായി ബന്ധപ്പെട്ട് പ്രധാന കരാറുകാരുമയി നഗരസഭാധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയിലെത്തിയത്.
നഗരസഭയുടെ ആധുനിക ടൗൺഹാൾ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നൽകിയ ഉറപ്പ് പാലിക്കാനായിരുന്നില്ല. മൂന്നു വർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നൽകാനും ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പൽ ടൗൺഹാൾ പൊളിച്ച് ആധുനിക ടൗൺ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.
നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ പോലും വലിയ തുക വാടക നൽകി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്. ഈ ഇനത്തിൽ അധിക ചെലവിനു പുറമെ വാടകക്ക് നൽകി കിട്ടിയിരുന്ന വരുമാനവും മൂന്നു വർഷമായി മുടങ്ങി കിടക്കുകയാണ്.
അക്രഡിറ്റഡ് ഏജൻസിയായ എഫ്ആർബിഎല്ലിനാണ് നിർമാണച്ചുമതല. അഞ്ചു കോടി രൂപ അടങ്കൽ കണക്കാക്കിയ ഒന്നാം ഘട്ടത്തിൽ കെട്ടിട നിർമാണത്തിനുള്ള 2.19 കോടി മാത്രമാണ് മുൻകൂറായി നൽകിയത്. 4.04 കോടി ചെലവിട്ട് രണ്ടുനില കെട്ടിടത്തിന്റെ പ്രാഥമിക രൂപമാണ് ഇതിനകം കഴിഞ്ഞത്.