പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിര്‍മാണം ഇഴയുന്നു
1415746
Thursday, April 11, 2024 5:33 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ രണ്ടു നിലകളില്‍ പണിയുന്ന ഒ.പി ബ്ലോക്ക് കെട്ടിട നിര്‍മാണ പ്രവൃത്തി ഒന്നരവര്‍ഷമായിട്ടും പാതിവഴിയില്‍. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു മന്ത്രിയടക്കം പങ്കെടുത്ത യോഗത്തില്‍ നല്കിയ ഉറപ്പ്. കെട്ടിടത്തിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര വാര്‍പ്പ് പൂര്‍ത്തിയാക്കി ഒരു ഭാഗത്ത് ചുമര് കെട്ടാന്‍ തുടങ്ങിയിട്ടേയുള്ളൂ.
നാഷണല്‍ ഹെല്‍ത്ത് മിഷന് അനുവദിച്ച ഒരു കോടി 26 ലക്ഷം രൂപയ്ക്കാണ് പുതിയ ഒ.പി. ബ്ലോക്ക് പണിയുന്നത്. പഴയ പേ വാര്‍ഡ് കെട്ടിടം പൊളിച്ചുനീക്കിയാണ് ആ ഭാഗത്ത് കെട്ടിടം പണിയുന്നത്. ജനുവരിയില്‍ പണി തീരുമെന്നായിരുന്നു കരാറുകാര്‍ ആദ്യം പറഞ്ഞിരുന്നത്.
ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ ഉദ്ഘാടനം നടത്താനാകുമെന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോട് പറഞ്ഞത്. പതിനഞ്ചോളം ഒ.പികള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിലാണ് കെട്ടിടം പണിയുന്നത്. ജില്ലാശുപത്രിയായി ഉയര്‍ത്തിയതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാകുന്നതോടെ രോഗികള്‍ പ്രയാസപ്പെട്ടു ഡോക്ടറെ കാണാന്‍ നില്ക്കുന്ന തിരക്ക് ഒഴിവാകും.
കൂടുതല്‍ രോഗികളെത്തുന്നതും വിശാലമായ പരിശോധനാ സൗകര്യം വേണ്ടതുമായ ഒ.പികള്‍ പുതിയതിലേക്ക് മാറുന്നതോടെ രോഗികളുടെ ഏറെ നേരത്തെ കാത്തുനില്‍പ്പും ഒഴിവാകും. നിലവിലെ ഒ.പി. കെട്ടിടത്തില്‍ രാവിലെ രോഗികളുടെ വരി പുറത്തേക്ക് നീണ്ടിരുന്നു.
വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങള്‍ നിറയുന്നതിനാല്‍ തീരെ അവശരായവര് പോലും ബുദ്ധിമുട്ടു സഹിക്കേണ്ട അവസ്ഥയാണ്. എല്ലുരോഗ വിഭാഗത്തിലേക്ക് കൂടുതല്‍ രോഗികളെത്താറുണ്ട്. ഈ വിഭാഗത്തിലെത്തുന്ന രോഗികളും പ്രയാസപ്പെട്ടിരുന്നു. മുകള്‍നിലയിലെ നേത്രവിഭാഗത്തിലെത്തുന്ന രോഗികളും ഇതോടൊപ്പമുണ്ട്.
ഇഎന്‍ടി, ജനറല്‍ സര്‍ജറി, ഡെന്റല്‍, നേത്ര വിഭാഗങ്ങളുടെ ഒ.പിയാണ് മുകള്‍നിലയിലുള്ളത്. ഇവിടെ വരാന്തയിലാണ് രോഗികള്‍ കാത്തുനില്‍ക്കുന്നത്. കെട്ടിട നിര്‍മാണം വേഗമാക്കി മഴക്കാലത്തിനു മുമ്പെങ്കിലും പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്.