കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മിനിയുടെ ആശ്രിതര്‍ക്കു സഹായം ലഭ്യമാക്കും
1415537
Wednesday, April 10, 2024 5:12 AM IST
എടക്കര: കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മേപ്പാടി പരപ്പന്‍പാറ ആദിവാസി കോളനിയിലെ മിനിയുടെ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം മലപ്പുറം വയനാട് ജില്ലാ അതിര്‍ത്തിയിലെ ഉള്‍വനത്തിലുള്ള പരപ്പന്‍പാറ ആദിവാസി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മിനിയുടെ മക്കളോടും ബന്ധുക്കളോടുമാണ് ജില്ലാ ജഡ്ജ് സനില്‍ കുമാര്‍ കുമ്പളപ്പാറയിലെത്തി ഇക്കാര്യം അറിയിച്ചത്. മിനിയുടെ അഞ്ചു മക്കളില്‍ മൂന്നു പേര്‍ക്കുള്ള ആധാര്‍ കാര്‍ഡ് ശരിയാക്കി കോളനിയിലെത്തി കുട്ടികളെ ഏല്‍പ്പിച്ചാണ് ജഡ്ജ് ഇപ്രകാരം വിശദമാക്കിയത്.
മരിച്ച മിനിക്കും മക്കള്‍ക്കും ആധാര്‍ കാര്ഡില്ലെന്നറിഞ്ഞാണ് അവ ശരിയാക്കാനുള്ള നടപടികള്‍ ജില്ലാ ലീഗല്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. തുടര്‍ന്ന് അവ ഇന്നലെ കോളനിയിലെത്തി ജില്ലാ ജഡ്ജ് വിതരണം ചെയ്തു.
കഴിഞ്ഞ 30 നാണ് മിനി പരപ്പന്‍പാറ കോളനിയിലെ വീടിനടുത്ത് വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജ് കൂടുതല്‍ വിവരശേഖരണം നടത്തിയപ്പോഴാണ് ഇവര്‍ക്ക് ആധാര്‍ കാര്‍ഡുള്‍പ്പെടെ യാതൊരു വേരഖകളും ഇല്ലെന്നറിഞ്ഞത്. മേഖലയിലെ നൂറിലേറെ ആദിവാസികള്‍ക്ക് യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഇല്ലെന്നറിഞ്ഞ ജില്ലാ ജഡ്ജ് അടിയന്തരമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ നല്‍കാനുള്ള ക്രമീകരണം നടത്താന്‍ നിര്‍ദേശിച്ചു.
മരിച്ച മിനിക്കും കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം നല്കാന് കഴിഞ്ഞിരുന്നില്ല. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം, നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജും നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. ജോയി, നിലമ്പൂര്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ഇസ്മായില്‍,
പഞ്ചായത്തംഗം തങ്ക കൃഷ്ണന്, പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.എം. ശ്രീകുമാര്‍, എസ്ഐ പി. മോഹന്‍ദാസ്, പാരാലീഗല്‍ ജീവനക്കാര്‍, വോളണ്ടിയര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, വനം ഉദ്യോഗസ്ഥര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.