പെരിന്തല്‍മണ്ണ ട്രഷറിക്കു മുന്നില്‍ ജനപ്രതിനിധികളുടെ വിലാപയാത്ര
1415534
Wednesday, April 10, 2024 5:12 AM IST
പെരിന്തല്‍മണ്ണ:പണമോ ടോക്കണോ നല്‍കാതെ ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മടക്കി നല്കിയവ "ശവപ്പെട്ടി’യിലാക്കി ബില്ലുകളുടെ ശവമഞ്ജവുമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ വിലാപയാത്ര നടത്തി പ്രതിഷേധിച്ചു.
അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് മുന്നില്‍ ഇത്തരം പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഒരു കോടി രൂപയുടെ പഞ്ചായത്തിന്റെ ബില്ലുകളാണ് പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ നിന്നു പഞ്ചായത്ത് അധികൃതര്‍ക്ക് പണം നല്‍കാതെ മടക്കി നല്‍കിയത്.
മാര്‍ച്ച് 22ന് നല്കിയ ബില്ലുകള്‍ അടക്കം പാസാക്കാതെയും ടോക്കണ്‍ നല്‍കാതെയും ക്യൂ ബില്ലുകളുടെ ലിസ്റ്റില്‍ പെടുത്താതെ തിരിച്ചു നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ആശുപത്രിയിലേക്ക് വാങ്ങിയ മരുന്നുകള്‍, അങ്കണവാടികളിലേക്കുള്ള പോഷകാഹാരം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, കൃഷിക്കാര്‍ക്ക് സബ്സിഡികള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പണം നല്‍കാതെ മടക്കിയവയില്പ്പെടും. 93,73,105 രൂപയുടെ ബില്ലുകളാണ് മൊത്തത്തില്‍ മടക്കിയത്.
മറ്റു ട്രഷറികളില്‍ പണം നല്‍കാത്ത ബില്ലുകള്‍ക്ക് ടോക്കണ്‍ നല്കി ക്യൂ ബില്ലുകളില്‍ ഉള്‍പ്പെടുത്തി ഏപ്രില്‍ മാസത്തിലെങ്കിലും പണം നല്കുന്ന വിധത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. പെരിന്തല്‍മണ്ണയില്‍ മാത്രമാണ് ഇത്തരം അനുഭവമെന്നാണ് തദ്ദേശഭരണ ഭാരവാഹികള്‍ പറയുന്നത്. പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് മുന്നില്‍ നടക്കുന്ന രണ്ടാമത്തെ സമരമാണിത്.
നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലും സമരം നടന്നിരുന്നു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എം. അബു താഹിര്‍ തങ്ങള്‍, പി.പി. സൈതലവി, തുടങ്ങിയവര്‍ പ്രസംഗിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍,
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വാക്കാട്ടില്‍ സുനില്‍ ബാബു, തവളങ്ങല് ഫൗസിയ, മെംബര്‍മാരായ ദാമോദരന്‍, ഷംസാദ് ബീഗം, ഖദീജ ആറങ്കോടന്‍, ജസീന അങ്കക്കാടന്‍, അന്‍വര്‍ പുത്തനങ്ങാടി, സ്വാലിഹ നൗഷാദ്, തൂമ്പലക്കാടന്‍ ബഷീര്‍, ശിഹാബ് ചാത്തനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ വിലാപയാത്ര നടത്തിയത്.