ബൈക്കില്‍ മൊബൈല്‍ ബാര്‍: മധ്യവയസ്കന് അറസ്റ്റില്‍
1397006
Sunday, March 3, 2024 4:52 AM IST
മഞ്ചേരി: ബൈക്കില്‍ കറങ്ങിനടന്ന് ആവശ്യക്കാര്‍ക്ക് മദ്യവില്‍പ്പന നടത്തിയ മധ്യവയസ്കനെ മഞ്ചേരി റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്.വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എളങ്കൂര്‍ പേലേപ്പുറം കുഴലൂര് പുത്തന്‍പുര മണിയില്‍ വീട്ടില്‍ കൃഷ്ണദാസ് (54)നെയാണ് ഇന്നലെ എളങ്കൂര്‍ അമ്പലപ്പടിയില്‍ വച്ച് പിടികൂടിയത്.
മൂന്നര ലിറ്റര്‍ മദ്യവും വില്‍പ്പനക്കായി ഉപയോഗിക്കുന്ന ബൈക്കും എക്സൈസ് സംഘം കസ്റ്റഡയിലെടുത്തു. ബീവറേജസ് ഔട്ട്ലെറ്റില് നിന്നും മദ്യംവാങ്ങി അമിത ലാഭം ഈടാക്കി ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ചു നല്കി വരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എഇഐ കെ.എം. ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ. റംഷുദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജന് നെല്ലിയായി, ടി.ശ്രീജിത്ത്, സച്ചിന്‍ദാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സനീറ, ഡ്രൈവര്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്കി. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചു.