തുവ്വൂരിൽ കള്ള്ഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
1397002
Sunday, March 3, 2024 4:52 AM IST
കരുവാരകുണ്ട്: തുവ്വൂർ കോട്ടക്കുന്നിൽ കള്ള്ഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേയുള്ള ജനകീയ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പന്തൽ കെട്ടിയുള്ള സമരം നടക്കുന്നത്. ഇന്നലെ തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ റിയാദിന്റെ നേതൃത്വത്തിൽ പ്രവാസികളാണ് സമരത്തിൽ പങ്കെടുത്തത്.
തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ 12 ആം വാർഡിൽ ഉൾപ്പെട്ട കോട്ടക്കുന്നിലെ ജനവാസ മേഖലയിലാണ് കള്ള്ഷാപ്പ് തുറക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരേ ആക്ഷൻ കൗൺസിൽ രൂപവൽക്കരിച്ച് പന്തൽ കെട്ടിയുള്ള സമരം 36 നാൾ പിന്നിട്ടു. ടി.യൂനസലി, അനീസ് മാടശ്ശേരി, കെ.പി. ഷാഹിദ്, അൻവർ ഇല്ലിക്കൽ, അലി തൊണ്ടിയിൽ, അസ്ലം തുവ്വൂർ, ഷാജി ഫൈസൽ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.