നവതിയുടെ നിറവില്‍ തൃക്കലങ്ങോട് മാനവേദന് സ്കൂള്‍
1396845
Saturday, March 2, 2024 5:10 AM IST
മഞ്ചേരി: തൃക്കലങ്ങോട് മാനവേദന് യുപി സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സര്ഗസൃഷ്ടികള് ഉള്‍പ്പെടുത്തിയ സുവനീര്‍ "നവം 2024’ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു ഏറ്റുവാങ്ങി. ക്രിയേറ്റീവ് എഡിറ്റര്‍ കെ. ശ്രീജിത്ത് സുവനീറിനെക്കുറിച്ച് വിശദീകരിച്ചു.
തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്, ജസീര്‍ കുരിക്കള്‍, സ്കൂള്‍ മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍, സി.പി. ഷിഫാന, നവം എഡിറ്റര്‍ പി. ജയശ്രീ, വി. സുധ, പി. ഷാജി, വാര്‍ഡ് മെംബര്‍മാര്‍, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അഞ്ച് വ്യത്യസ്ത പരിപാടികളോടെ ഏറെ വൈവിധ്യത്തോടെയും പൊതുജനപങ്കാളിത്തത്തോടെയുമാണ് നവതി 2024 ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. രുചിക്കൂട്ട് എന്ന പേരില്‍ നടത്തിയ പലഹാരമേള, കുട്ടികളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും പങ്കാളികളായ അറിവുത്സവം മെഗാക്വിസ് മത്സരം, പൂര്‍വ അധ്യാപക,വിദ്യാര്‍ഥി സംഗമം തുടങ്ങിയ പരിപാടികള്‍ തൊണ്ണൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതായിരുന്നു.
പിടിഎ പ്രസിഡന്റ് അബ്ദുറഹ്മാന് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ജ്യോതി ജി. നായര്‍ സ്വാഗതവും വാര്‍ഷികം കണ്‍വീനര്‍ എം.കെ. സമീര്‍ നന്ദിയും പറഞ്ഞു. സ്കൂളിനെ പ്രതിനിധീകരിച്ചു വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.