കരുവാരകുണ്ടില്‍ കവര്‍ച്ച നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
1396844
Saturday, March 2, 2024 5:10 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിലെ പലചരക്ക് കടയില്‍ നിന്നു1,61000 രൂപ മോഷ്ടിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളി കരുവാരകുണ്ട് പോലീസിന്റെ പിടിയില്‍. ആസാം നാഗോവ് സ്വദേശി ബൈജൂര് റഹ്മാ(26) നെയാണ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എസ്.സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21 ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇരിങ്ങാട്ടിരിയിലെ പി.ടി. അക്ബറലിയുടെ പലചരക്ക് കടയില്‍ മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് കവര്‍ന്നത്. തുടര്‍ന്ന് കടയുടമ നല്കിയ പരാതിയിലാണ് കരുവാരകുണ്ട് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇരിങ്ങാട്ടിരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ജൈബൂര് സാധനങ്ങള്‍ വാങ്ങിയിരുന്നത് ഈ കടയില്‍ നിന്നാണ്.
മോഷണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഇരിങ്ങാട്ടിരിയില്‍ നിന്നു താമസം മാറിയിരുന്നു. പിന്നീട് വ്യക്തമായ ആസൂത്രണത്തോടെയാണ് ഫെബ്രുവരി 21 ന് പുലര്‍ച്ചെ കടയില്‍ നിന്നു പണം കവര്‍ന്നത്. ഷട്ടറിന്റെ ഒരു ഭാഗം ഉയര്‍ത്തി കടയ്ക്കകത്ത് കയറിയ പ്രതി പണം
മോഷ്ടിക്കുകയായിരുന്നു.
സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജൈബൂര് റഹ്മാനാണ് പ്രതിയെന്ന് മനസിലായത്. തുടര്‍ന്നു ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് മുക്കത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്സിപിഒമാരായ രാരിഷ്, സുരേഷ്ബാബു, ബിനീഷ്, സിപിഒമാരായ ഫാസില്‍, ബിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.