സന്നദ്ധ സേവകന് റോട്ടറി ക്ലബിന്റെ വക സ്ഥലവും വീടും
1396843
Saturday, March 2, 2024 5:10 AM IST
നിലമ്പൂര്‍: എമര്‍ജന്‍സി റെസ്ക്യു ഫോഴ്സി (ഇആര്‍എഫ്)ന്റെ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.എം. അബ്ദുള്‍മജീദിന് നിലമ്പൂര്‍ റോട്ടറി ക്ലബ് സ്ഥലവും വീടും നല്കി. നിലമ്പൂര്‍ റോട്ടറി ക്ലബിന്റെ 2023-24ലെ അഞ്ചാമത്തെ വീടാണ് ജനകീയ രക്ഷാ ദൗത്യസംഘത്തിന്റെ തലവനും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ മജീദിനെ തേടിയെത്തിയത്.
എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിലൂടെ സ്വന്തം ജീവന്‍പോലും നോക്കാതെ അപകടത്തില്‍പ്പെടുന്ന നിരവധി മനുഷ്യരെയും മൃഗങ്ങളെയും രക്ഷപ്പെടുത്തി ശ്രദ്ധേയമായ മജീദിന് നിലമ്പൂര്‍ ചക്കാലക്കുത്ത് വടക്കുംമ്പാടത്താണ് റോട്ടറി ക്ലബ് വീടുവച്ചു നല്‍കുന്നത്.
റോട്ടറി പ്രസിഡന്റ് ഷാനവാസിന്റെ ഭാര്യ ഹസീനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ രേഖകള്‍ പി.വി. അബ്ദുള്‍ വഹാബ് എംപി കൈമാറി. റോട്ടറി പ്രസിഡന്റ് ഷാനവാസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ഥലയുടമ കൂടിയായ ഹസീന, സെക്രട്ടറി അബ്ദുസമദ്, ഖജാന്‍ജി ടി. ഉസ്മാന്, വിനോദ് പി. മേനോന്, യു. നരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.