മധുരത്തിനോട് "നോ’ പറയാനൊരുങ്ങി മലപ്പുറം: ‘നെല്ലിക്ക’ കാമ്പയിന് തുടങ്ങി
1396842
Saturday, March 2, 2024 5:10 AM IST
മലപ്പുറം: മധുരത്തിനോടും ഓയിലിനോടും "നോ’ പറയാനൊരുങ്ങി മലപ്പുറം. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിനെതിരേ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന ജനകീയ കാമ്പയിന് "നെല്ലിക്ക’യ്ക്ക് തുടക്കമായി. മലപ്പുറം കോട്ടക്കുന്നില്‍ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് നിര്‍വഹിച്ചു.
ഭക്ഷണങ്ങളില്‍ മധുരവും ഉപ്പും ഓയിലും ഉപയോഗിക്കുന്നത് കുറച്ചാല്‍ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളില്‍ ഹെല്‍ത്തി കൗണ്ടറുകള്‍ സ്ഥാപിക്കണം. ശാരീരിക, മാനസിക വ്യായാമങ്ങള്‍ ശീലമാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍, വൃക്ക രോഗികളുള്ളത് മലപ്പുറത്താണ്.
ഈ അവസ്ഥക്ക് ഒരു മാറ്റമുണ്ടാകണം. ആദ്യം പുളിക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന നെല്ലിക്ക പോലെ ഈ കാന്പയിൻ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെല്ലിക്ക കാമ്പയിനിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്, ഐഎംഎ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷന്, കേറ്ററേഴ്സ് അസോസിയേഷന്, ട്രോമാകെയര്‍, റസിഡന്റ്സ് അസോസിയേഷന്, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാന്പയിൻ നടപ്പാക്കുന്നത്.