കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കായി നാളെ ശാസ്ത്ര പരീക്ഷണ ക്യാന്പ്
1396629
Friday, March 1, 2024 5:10 AM IST
മങ്കട: ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാഴ്ച വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായി നാളെ ശാസ്ത്ര പരീക്ഷണ ക്യാന്പ് സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിലെ വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റിൽ വച്ച് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കാണ് ശാസ്ത്ര പരീക്ഷണ ക്യാന്പ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സവിശേഷ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ആദ്യമായാണ് ഇത്തരമൊരു ക്യാന്പ് നടത്തുന്നത്.
നമ്മുടെ രാജ്യത്തെ കാഴ്ച പരിമിതി വിദ്യാലയങ്ങളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനും ശാസ്ത്ര പഠനം രസകരവും എളുപ്പവും ആക്കുന്നതിൽ ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം ഏറെയാണ്. കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിലും നിഗമനങ്ങളും ശാസ്ത്ര തത്വങ്ങളും രൂപപ്പെടുത്തുന്നതിനും പരീക്ഷണങ്ങൾ ആവശ്യമാണ്.
സാധാരണ സ്കൂളുകളിൽ അവർക്കു ലഭ്യമാകുന്ന ശാസ്ത്ര ഉപകാരണങ്ങളും വസ്തുക്കളും ശേഖരിച്ചു കാഴ്ച പരിമിതി സ്കൂളിൽ ഒരു പരീക്ഷണശാല തയ്യാറാക്കുകയാണ് സ്കൂൾ ലാബിന്റെ ലക്ഷ്യം. രാസ പരീക്ഷണങ്ങൾ മാത്രമല്ല ശാസ്ത്രവുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങളിൽ ഉള്ള കഴിയാവുന്ന പരീക്ഷണങ്ങൾ ലഭ്യമാക്കാനും ഈ ക്യാന്പ് ഉദ്ദേശിക്കുന്നു.
മൂന്ന് ഘട്ടങ്ങളായാണ് ശില്പശാല നടത്തുന്നത്. രാവിലെ 10 മുതൽ 11 വരെയുള്ള സമയം പൊതുവായ ശാസ്ത്ര പരീക്ഷണങ്ങളാണ് നടക്കുക. ഓരോ കുട്ടിക്കും ലളിതമായ ഒരു പരീക്ഷണമെങ്കിലും നടത്താൻ അവസരം ഉണ്ടാകും. ശാസ്ത്രമാജിക്ക് പോലുള്ള പരീക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകുക. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയുള്ള സമയം പാഠപുസ്തകത്തിലെ പരീക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകുക.
ജീവിത സാഹചര്യങ്ങൾ ഒരുക്കി കുട്ടികളെ പരീക്ഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന രീതിയായിരിക്കും ശില്പശാലയിൽ പിന്തുടരുക. എസ്സിഇആർടിയുടെ സംസ്ഥാന റിസോഴ്സ്പേഴ്സണ്സാണ് ക്യാന്പ് നയിക്കുന്നത്. ക്യാന്പിന്റെ ഉദ്ഘാടനം രാവിലെ ഒന്പതിന് എസ്സിഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് നിർവഹിക്കും. മലപ്പുറം ഡിഡിഇ കെ.പി. രമേശ് കുമാർ അധ്യക്ഷത വഹിക്കും. ക്യാന്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രധാനധ്യാപകൻ എ.കെ.യാസിർ അറിയിച്ചു.