മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ ആറേക്കറോളം പറമ്പിനു തീപിടിച്ചു
1396324
Thursday, February 29, 2024 5:02 AM IST
മലപ്പുറം: മലപ്പുറം ഇന്‍കെല്‍ സിറ്റിയില്‍ വന്‍ തീപിടിത്തം. ആറേക്കറോളം പറമ്പിലെ കാടുകള്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതോടെ മലപ്പുറം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോള്‍ ഉണങ്ങിയ അടിക്കാടുകള്‍ക്ക് തീപിടിച്ചു സമീപത്തേക്കു വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് മണിക്കൂറോളം ശ്രമഫലമായാണ് തീയണച്ചത്. കടുത്ത വെയിലിന്റെയും തീയുടെയും ചൂട് വകവയ്ക്കാതെയായിരുന്നു സേനയുടെ പ്രവര്‍ത്തനം.
സമീപത്ത് ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലേക്കും ചാര്‍ക്കോള്‍ കമ്പനിയിലേക്കും തീ പടരാതെ നിയന്ത്രണവിധേയമാക്കുന്നതു ഏറെ ശ്രമകരമായിരുന്നു. ഏക്കറോളം സ്ഥലത്തു തീ പിടിച്ചതിനാല്‍ അണയ്ക്കാന്‍ ഫയര്‍ എന്‍ജിനില്‍ മൂന്നു തവണ സമീപത്തെ വികെസി കമ്പനിയുടെ ഹൈഡ്രന്റ് പോയിന്റില്‍ നിന്നു വെള്ളം എടുക്കേണ്ടി വന്നു.
വൈകിട്ട് അഞ്ചുമണിയോടെ മലപ്പുറം നഗരസഭയിലെ ഹാജിയാര്‍പള്ളി കൈനോട്ടില് ഒരേക്കറോളം പറമ്പിനും എംഎസ്പി പരേഡ് ഗ്രൗണ്ടിന് താഴെ പറമ്പിനും തീ പിടിച്ചു. വെള്ളം പമ്പ് ചെയ്തും വെള്ളമെത്താത്ത സ്ഥലങ്ങളില്‍ കൗണ്ടര്‍ ഫയറിട്ടും ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചുമാണ് സേനാഗംങ്ങള്‍ തീ കെടുത്തിയത്.
സ്റ്റേഷന് ഓഫീസര്‍ ഇ.കെ. അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം. പ്രദീപ്കുമാര്‍, സേനാംഗങ്ങളായ വി.പി. നിഷാദ്, സി. രജീഷ്, എ.എസ്. പ്രദീപ്, എന്‍. ജംഷാദ്, മുഹമ്മദ് ഫാരിസ്, അബ്ദുള്‍ ജബ്ബാര്‍, വി. വിപിന്‍, എ. വിപിന്‍, അര്ജുന്, സനു, രാജേഷ്, മനാഫ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.