സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അനധികൃത ഖനനം: പ്രതി പിടിയില്‍
1396323
Thursday, February 29, 2024 5:02 AM IST
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് ചോരാണ്ടിയില് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് അനധികൃത ഖനനം നടത്തിയ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് കൊടക്കാട് മണ്ണില്‍ വീട്ടില്‍ മുഹമ്മദ് ആസിഫി(27)നെയാണ് നാലുമാസത്തിനുശേഷം പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപന്, ഷിജോ സി. തങ്കച്ചന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന യുവാവ് മണ്ണാര്‍ക്കാട് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് ഭീഷണിയായി അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടെന്നു മലപ്പുറം പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് സ്ഥലത്തു പരിശോധന നടത്തുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വാഹനങ്ങളും ഉപകരണങ്ങളും പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു മുഹമ്മദ് ആസിഫ്. തുടര്‍ന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.