ജില്ലയിലെ പത്ത് സ്കൂളുകള്‍ക്ക് ഗ്രീന്‍ അവാര്‍ഡ്
1396109
Wednesday, February 28, 2024 4:53 AM IST
മഞ്ചേരി: ജില്ലയിലെ പത്തു സ്കൂളുകള്‍ക്ക് ഗ്രീന്‍ സ്കൂള്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളെ പങ്കാളികളാക്കി സ്കൂള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങള്‍ക്കാണ് പുരസ്കാരം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ദേശീയ ഹരിതസേനയിലെ സ്കൂളുകളില്‍ നിന്നാണ് വിദ്യാലയങ്ങള്‍ നേട്ടം കൊയ്തത്. സ്കൂളിനെ മികവുറ്റതാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച സ്കൂള്‍ ഹരിതസേന കോഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കാണ് അവാര്‍ഡ് കൈമാറുന്നത്.
ഹരിതവത്ക്കരണം, മാലിന്യനിയന്ത്രണം, അടുക്കളത്തോട്ടം, പ്ലാസ്റ്റിക് റീസൈക്ലിംഗ്, കാമ്പസ് സൗന്ദര്യവത്ക്കരണം, പരിസ്ഥിതി വിദ്യാഭ്യാസ ക്യാമ്പുകള്‍, ഗ്രാമീണ ഹരിത ബോധവത്ക്കരണം, ജലവിഭവ മാനേജ്മെന്റ്, ഊര്‍ജ സംരക്ഷണം, ബദല്‍ ഉത്പന്ന പ്രചാരണം എന്നീ മേഖലകളില്‍ മികവ് തെളിയിച്ച സ്കൂളുകളാണ് അവാര്‍ഡിന് അര്‍ഹരായത്.
അവാര്‍ഡിന് അര്‍ഹരായ വിദ്യാലയങ്ങളും അധ്യാപകരും: കെ. അബ്ദുള്‍ റഷീദ് (ജിഎംയുപി സ്കൂള്‍ അരിമ്പ്ര), കെ. ബിന്ദു (എംഎസ്പിഎച്ച്എസ്എസ് മലപ്പുറം), കെ. ശിവശങ്കരന് (ജിഎച്ച്എസ്എസ് കരുവാരക്കുണ്ട്), വി. ഇസ്ഹാഖ് (കെഎച്ച്എംഎച്ച്എസ്എസ് വാളക്കുളം), എം. ഷാനില ആസാദ് (എംഡിപിഎസ്യുപി സ്കൂള്‍ എഴൂര്‍), ഇ.പി. പ്രഭാവതി (എഎംയുപി സ്കൂള്‍ ആക്കോട് വിരിപ്പാടം),
എന്‍. വി. രണ്‍ജിത്ത് (ജിവിഎച്ച്എസ്എസ് ചെട്ടിയാന്‍കിണര്‍), സന്ദീപ് മാട്ടട (എഎച്ച്എസ്എസ് പാറല്‍ മമ്പാട്ടുമൂല), സി.പി. വാഫിഖ മുസ്തഫ ജിയുപിഎസ് ചെങ്ങര), കെ.എം. ജോണ്‍ (ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം കരുവാരക്കുണ്ട്). അവാര്‍ഡ് ദാനവും മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്നു രാവിലെ 10ന് മലപ്പുറം സ്കൗട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ് കുമാര്‍ നിര്‍വഹിക്കും.