മാനവേദന് ഫുട്ബോള്‍ അക്കാഡമി പരിശീലന രംഗത്തു ചുവടുറപ്പിക്കുന്നു
1395648
Monday, February 26, 2024 1:20 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ കുരുന്നുകളുടെ കായിക സ്വപനങ്ങള്‍ക്ക് ചിറക് നല്കാന് ഇനി മാനവേദന് സ്കൂളിന്റെ പരിശീലന മികവ്. നിലമ്പൂരില്‍ മികച്ച ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച മാനവേദന് ഫുട്ബോള്‍ അക്കാഡമിയുടെ പ്രാഥമിക ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. വിവിധ സ്കൂളിലെ
വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനമാണ് ഇവിടെ ലഭ്യമാകുന്നത്. നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് രണ്ടു മാസമായി മാനവേദന് സ്റ്റേഡിയത്തില്‍ പരിശീലനം നേടുന്നത്. മാനവേദന് സ്കൂളിലൂടെ വളര്‍ന്ന് സംസ്ഥാന, ദേശീയ ടീമുകളില്‍ ധാരാളം കുട്ടികള്‍ ബൂട്ടണിയുന്നുണ്ട്.
മാനവേദന് സ്കൂളിന്റെ സ്റ്റേഡിയവും ഗ്രൗണ്ടും പരിശീലന മികവും നിലമ്പൂരിലെ കാല്പന്ത് കളിയില്‍ തല്പരരായ കുട്ടികള്‍ക്കും പ്രയോജപ്പെടുത്താന്‍ ഈ ഫുട്ബോള്‍ അക്കാഡമിയിലൂടെ സാധിക്കും. സ്കൂളിലെ കായികാധ്യാപകന് അനില്‍കുമാറാണ് മുഖ്യപരിശീലകന്‍. മുന്‍ വിവ കേരള താരം സലാം, അന്‍വര്‍ എന്നിവര്‍ സഹപരിശീലകരാണ്. മുന്‍ കേരള പോലീസ് ഫുട്ബോള്‍ ടീം അംഗവും യൂണിവേഴ്സിറ്റി താരവുമായ എന്‍. അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു.
മുന്‍ യൂണിവേഴ്സിറ്റി അത്ലറ്റും ഫുട്ബോള്‍ താരവുമായ മുഹമ്മദ് സലിം ലോഗോ പ്രകാശനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് മുജീബ് പാറപ്പുറവന്‍, എസ്എംസി ചെയര്മാന് മുഹമ്മദ് കോയ കടവത്ത്, എംടിഎ പ്രസിഡന്റ് പ്രഭ, ഡെപ്യൂട്ടി പ്രധാനാധ്യാപകന് വാസു, മുജീബ് ദേവശേരി, എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.