വശം കൊടുക്കാത്തതിന് മര്‍ദനം: കര്‍ശന നടപടി വേണമെന്ന്
1395335
Sunday, February 25, 2024 5:00 AM IST
മലപ്പുറം: ഇരുചക്ര വാഹനത്തിന് വശം നല്‍കിയില്ലെന്നാരോപിച്ച് അധ്യാപക-ഡോക്ടര്‍ ദമ്പതിമാരെ മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ച് റോഡ് യാത്രക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
റോഡ് മര്യാദയും നിയമങ്ങളും സംരക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇരുവരും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഭയരഹിതമായും സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനുള്ള അവകാശം നിരന്തരം വെല്ലുവിളിക്കപ്പെടുന്നത് വേദനാജനകമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തിരൂര്‍ ചമ്രവട്ടം റോഡിലാണ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടത്. കുസാറ്റിലെ അസോസിയറ്റ് പ്രഫസറും ഡോക്ടറായ ഭാര്യയും രണ്ടു മക്കളുമാണ് ആക്രമിക്കപ്പെട്ടത്.