പുലി ഭീഷണി: മുള്ളിയാക്കുറിശ്ശിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു
1394958
Friday, February 23, 2024 7:44 AM IST
പട്ടിക്കാട്: മുള്ളിയാക്കുറിശ്ശിക്കാരുടെ പ്രതിരോധം ഫലം ചെയ്തു. പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു. മുള്ളിയാക്കുറിശ്ശിയിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഡിഎഫ് ധനീഖ് ലാൽ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു.
ഇതിനെ തുടർന്നാണ് വനംവകുപ്പ് പ്രദേശത്ത് കെണി ഒരുക്കിയത്. ഇന്നലെ വൈകിട്ടാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുന്‍പ് മാട്ടുമ്മല്‍ സ്വദേശി ഉമൈറിന്റെ വീട്ടുമുറ്റത്ത് നിന്ന ആടിനെ പുലി കടിച്ച്കൊണ്ടു പോയിരുന്നു . പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുമ്പോഴാണ് ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ കൂട് സ്ഥാപിക്കുമെന്ന ഡിഎഫ്ഒയുടെ ഉറപ്പിൻമേൽ നാട്ടുകാർ പ്രക്ഷോഭത്തിൽ നിന്നും പിന്മാറുകയായിരുന്നു