പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ട് അപുഷ്പികള്‍
1394955
Friday, February 23, 2024 7:44 AM IST
തേഞ്ഞിപ്പലം: പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ രണ്ട് അപുഷ്പിത സസ്യങ്ങളെ കണ്ടെത്തി കാലിക്കട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍. "അസിഡോഡോണ്ടിയം ഇന്‍ഡിക്കം' എന്ന് പേരിട്ട സസ്യം പാലക്കാട് നെല്ലിയാമ്പതിയില്‍ നിന്നും വയനാടന്‍ മലനിരകളില്‍ നിന്നുമാണ് കണ്ടെത്തിയത്. ബ്രയേസി കുടുംബത്തില്‍പെട്ട "അസിഡോഡോണ്ടിയം' ജനുസില്‍പ്പെട്ട ചെടികള്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ മാത്രം കണ്ടു വരുന്നവയാണ്. ഇതാദ്യമായാണ് പന്നല് വിഭാഗത്തില്‍പ്പെട്ട ഈ ജനുസ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. മരങ്ങളിലും പാറയിടുക്കുകളിലും വളരുന്നവയാണ് ഇവ.
പ്രശസ്ത ബ്രയോളജിസ്റ്റ് ജൊഹാനസ് എന്റോത്തിനോടുള്ള ബഹുമാനാര്‍ഥം "പിന്നേറ്റെല്ല എന്രോത്തിയാന' എന്ന് പേരിട്ടതും പന്നല് വിഭാഗത്തില്‍പ്പെട്ടതുമായ മറ്റൊരു പുതിയ ചെടി വയനാടന്‍ മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്. പിന്നേറ്റെല്ല ജനുസില്‍പ്പെട്ട അഞ്ച് സ്പീഷിസുകള്‍ ഇന്ത്യയില്‍ നിന്നും അതില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നും നേരത്തേ രേഖപ്പെടുത്തിയിരുന്നു. പുതിയത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
കാലിക്കട്ട് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷക വിദ്യാര്‍ഥികളായ പി.എം. വിനീഷ, ഒ.എം. ശ്രുതി, ബി. മുഫീദ്, സജിത എസ്. മേനോന് എന്നിവര്‍ ഗവേഷണ മാര്‍ഗദര്‍ശികളും ദമ്പതിമാരുമായ ബോട്ടണി വിഭാഗം അസോ.പ്രഫ.ഡോ. മഞ്ജു സി. നായര്‍, ഡോ.കെ.പി. രാജേഷ് (അസി.പ്രഫ. ഗുരുവായൂരപ്പന് കോളജ്, കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.
കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകന് ഡോ. ജോണ്‍ ആര്. സ്പെന്‍സ്, റിയല്‍ ജര്ഡിന് ബോടനികോ, മാഡ്രിഡിലെ ഗവേഷകന് ജീസസ് മനോസ് എന്നിവരും പങ്കാളികളായി.