ആദിവാസി ഭവന നിര്‍മാണത്തിലെ അഴിമതി സിപിഐ നടപടിയെടുക്കണമെന്നു യൂത്ത് കോണ്‍ഗ്രസ്
1394699
Thursday, February 22, 2024 4:43 AM IST
നിലമ്പൂര്‍: എടക്കരയില്‍ ആദിവാസികളുടെ ഭവന നിര്‍മാണത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരേ നടപടിയെടുത്ത സിപിഎം മാതൃക പി.എം. ബഷീറിനെതിരേ സ്വീകരിക്കുവാന്‍ സിപിഐ ജില്ലാ നേതൃത്വം തയാറാകണമെന്നു യൂത്ത് കോണ്‍ഗ്രസ്.
എടക്കര ഗ്രാമപഞ്ചായത്തിലെ വെള്ളാരംകുന്ന് കോളനിയില്‍ ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന ആരോപണ വിധേയനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ഗ്രാമപഞ്ചായത്തംഗത്തിനെതിരേ നടപടിയെടുക്കുവാന്‍ തയാറായ സിപിഎം നേതൃത്വം കാണിച്ച മാതൃക ഏറ്റെടുത്ത് നിലമ്പൂരിലെ സിപിഐ നേതാവും നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എം. ബഷീറിനെതിരേ നടപടി സ്വീകരിക്കുവാന്‍ സിപിഐ ജില്ലാ നേതൃത്വം തയറാകണമെന്ന് നിലമ്പൂര്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബഷീറും കൂട്ടാളികളും അട്ടപ്പാടി അഗളി ഭൂതിവഴിയൂര് ഊരില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്നു പേരില്‍ വന്‍ക്രമക്കേട് നടത്തുകയും ആദിവാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കമ്മിറ്റി തട്ടിപ്പിനിരയായ ആദിവാസികള്‍ക്ക് പിന്തുണ നല്‍കും. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുവാന്‍ നേരിട്ട് ഊരിലെത്തുകയും ചെയ്തിരുന്നു.
രണ്ടാംഘട്ടം എന്ന നിലയില്‍ മണ്ണാര്‍ക്കാട് ട്രൈബല്‍ കോടതിയിലെ കേസില്‍ ബഷീര്‍ നല്കിയ സ്റ്റേ ഒഴിവാക്കുന്നതിന് ആവശ്യമായ നിയമസഹായം ആദിവാസികള്‍ക്ക് നല്‍കും. വഞ്ചിക്കപ്പെട്ട ആദിവാസികളെയും കൂട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പട്ടികജാതിവര്ഗവകുപ്പു മന്ത്രിക്കും സിപിഐ സംസ്ഥാന സെക്രട്ടറിക്കും പരാതി നല്കുവാനും തീരുമാനിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സൈഫു ഏനാന്തി, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.പി. ഫര്ഹാന് എന്നിവര്‍ പങ്കെടുത്തു.