എട്ടുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു ഒമ്പതു വര്‍ഷം തടവ്
1394692
Thursday, February 22, 2024 4:40 AM IST
പെരിന്തല്‍മണ്ണ: പാട്ടു പഠിക്കാനെത്തിയ എട്ടു വയസുകാരനെ പീഡിപ്പിച്ച പരിശീലകനു ഒമ്പതു വര്‍ഷം കഠിന തടവും 15000 രൂപ ശിക്ഷയും വിധിച്ചു. വട്ടപ്പാറ തൊഴുവാനൂര്‍ ചെങ്കുണ്ടന്‍ മുഹമ്മദ്ഷാ എന്ന ഷാഫി മുന്ന(31)യൊണ് പെരിന്തല്‍മണ്ണ അതിവേഗ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
2018ല്‍ കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. മാപ്പിളപാട്ട് പരിശീലകനും മദ്രസാധ്യാപകനുമായ പ്രതി ജോലി ചെയ്യുന്ന വറ്റലൂര്‍ മേല്‍കുളമ്പ് മസ്ജിദിന്റെ മുറിയില്‍ വച്ച് രാത്രി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം അഞ്ചു വര്‍ഷവും 10000 രൂപയും മറ്റൊരു വകുപ്പില്‍ മൂന്നു വര്‍ഷവും അയ്യായിരം രൂപയും ജുവനൈല്‍ നിയമപ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണം.
പിഴയടച്ചില്ലെങ്കില്‍ രണ്ടുവകുപ്പിലുമായി ആറുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷയുടെ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി എന്നതിനാല്‍ അഞ്ചു വര്‍ഷമാണ് പരമാവധി തടവ് ശിക്ഷ ലഭിക്കുക. പിഴയടക്കുന്ന പക്ഷം അതിജീവതനു തുക നല്‍കണം. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ടി.എസ്. ബിനു, സബ് ഇന്‍സ്പെക്ടറായിരുന്ന പി. സദാനന്ദന് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്പെക്ടര്‍ ആര്. മധുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് ലെയ്സണ്‍ വിഭാഗം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.