യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റക്കാരന്‍, ശിക്ഷ ഇന്ന്
1394259
Tuesday, February 20, 2024 7:40 AM IST
മഞ്ചേരി : പട്ടികജാതിയില്‍പ്പെട്ട യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി എസ്സി-എസ്ടി സ്പെഷല്‍ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും.
പോത്തുകല്‍ വെളുമ്പിയംപാടം താമരശേരി വീട്ടില്‍ കീരന്റെ മകന് മനോജ് (32) കൊല്ലപ്പെട്ട കേസിലാണ് ഒന്നാം പ്രതിയായ ഇടുക്കി തൊടുപുഴ കാളിയാര്‍ വണ്ണപുരം വെണ്മൊന്തറ ബിനുകുമാര്‍ എന്ന ബിനു (42) വിനെ ജഡ്ജി എം.പി. ജയരാജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിലെ രണ്ടാം പ്രതി കീഴാറ്റൂര്‍ കണ്യാല കോട്ടമ്മല്‍ അബുബക്കര്‍ (52), നാലാം പ്രതി ഏലംകുളം ചെറുകര ചോലപ്പറമ്പത്ത് കൃഷ്ണന് (48) എന്നിവര്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. മൂന്നാം പ്രതി എടത്തനാട്ടുകര കോട്ടപ്പള്ള പാറോക്കോട്ടില്‍ തങ്ക (60)യെ കോടതി കുറ്റക്കാരിയല്ലെന്ന് കണ്ടു വിട്ടയച്ചു. 2014 ഫെബ്രുവരി ഏഴിന് രാത്രി എട്ടിനു പെരിന്തല്‍മണ്ണയിലാണ് കേസിനാസ്പദമായ സംഭവം.
മനോജിന്റെ കൈവശമുണ്ടായിരുന്ന ബാഗിലെ പണം തട്ടിയെടുക്കുന്നതിനായി പിന്തുടര്ന്നെത്തി അക്രമിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി 1900 രൂപ കവരുകയും ചെയ്യുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിനായി ബാഗും മറ്റും പെട്രോള്‍ ഒഴിച്ച് കത്തിച്ചതായും കേസുണ്ട്. പെരിന്തല്‍മണ്ണ പോലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.