മരണാനന്തര ചടങ്ങിനിടെ കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
1394256
Tuesday, February 20, 2024 7:40 AM IST
പൂക്കോട്ടുംപാടം: മരണാനന്തര ചടങ്ങിനിടെ കിണറ്റില്‍ വീണ യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പൂക്കോട്ടുംപാടം ഉപ്പുവള്ളി അമരമ്പലവന് പ്രജീഷ് ആണ് കിണറ്റില്‍ വീണത്.
പിതാവിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കുളിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ വീട്ടുപരിസരത്തെ കിണറ്റിന് കരയില്‍ ഇരുന്ന പ്രജീഷ് 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ രണ്ടു പേര് കിണറ്റിലിറങ്ങി പ്രജീഷ് വെള്ളത്തില്‍ മുങ്ങി പോകാതിരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചു. വിവരം അറിഞ്ഞെത്തിയ നിലമ്പൂര്‍ അഗ്നിശമന സേനയിലെ അനിഷ് കിണറ്റിലിറങ്ങി പ്രജീഷിനെ വലയില്‍ കയറ്റിയാണ് പുറത്തെത്തിച്ചത്. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്ത് പ്രജീഷിനു പരിക്കേറ്റു. തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികില്‍സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്കു കൊണ്ടുപോയി.
നിലമ്പൂര്‍ അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജന്, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ വി.പി. വിനോദ്, ഫയര്‍ റെസ്ക്യൂ ഓഫിസര്‍മാരായ എന്‍.ടി. അനീഷ്, സി. രമേഷ്, കെ. നവീല്‍, എം. ജ്യോതിഷ്, ഹോം ഗാര്‍ഡുമാരായ പി.എം. മാത്യു, കെ. അബ്ദുള്‍സലാം, ജിമ്മി അകമ്പാടം, എം.സി. പ്രകാശ്, ഡ്രൈവര്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.