സായുധസേനാ പതാക ദിനാചരണം ഏഴിന്
1375553
Sunday, December 3, 2023 7:11 AM IST
മലപ്പുറം: രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ച രക്തസാക്ഷികളോട് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായുള്ള സായുധസേനാ പതാക ദിനാചരണവും പതാകനിധിയുടെ സമാഹരണവും ഏഴിന് നടക്കും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ രാവിലെ 10.30 ന് പുഷ്പാര്‍ച്ച നടക്കും. തുടര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദിനാചരണം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് അധ്യക്ഷത വഹിക്കും.
വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കുമുള്ള സാമ്പത്തിക സഹായ വിതരണം തിരൂരങ്ങാടി പിഎസ്എംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസും സായുധ സേനാ പതാക നിധിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖും നിര്‍വഹിക്കും. വിമുക്ത ഭടന്മാര്ക്കായി ബോധവത്കരണവും സംശയ നിവാരണവും നടക്കും.
കാര്ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന സായുധ സേന പതിക നിധി വിമുക്ത ഭടന്മാര്, അംഗഭംഗം സംഭവിച്ച സൈനികര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് വിനിയോഗിക്കുന്നത്.